Listen live radio
പൊതുജനങ്ങളുടെ പരാതികള്‍ പരമാവധി പരിഹരിക്കുക ലക്ഷ്യം
പൊതുജങ്ങളുടെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ നിയമത്തിനും ചട്ടത്തിനും വിധേയമായി പരമാവധി പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ- എക്‌സൈസ് – പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം. ബി.രാജേഷ്. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭാ ടൗണ്‍ ഹാളില്‍ നടന്ന ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 13 ജില്ലകളിലും തിരുവനന്തപുരം, കോഴിക്കോട്, ഏറണാകുളം കോര്‍പറേഷന്‍ ഉള്‍പ്പെടെ നടത്തിയ 16 അദാലത്തുകളിലായി 18000 പരാതികള്‍ക്ക് പരിഹാരം കണ്ടു. കാസര്‍കോഡ് ജില്ലയില്‍ 99 ശതമാനം പരാതികളും തീര്‍പ്പാക്കിയിട്ടുണ്ട്. മറ്റു ജില്ലകളിലും ഏതെക്കുറെ എല്ലാ പരാതികളും പരിഹരിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ 86 ശതമാനം പരാതികള്‍ക്കും പരിഹാരമായിട്ടുണ്ട്. എല്ലാ നിയമ ലംഘനങ്ങളും സാധുകരിക്കുന്നതിന് വേണ്ടിയല്ല അദാലത്ത്. നിയമങ്ങള്‍ കഠിനമായി വ്യാഖ്യാനിച്ചോ ദുര്‍വ്യാഖ്യാനം നടത്തിയോ അല്ലെങ്കില്‍ നിയമങ്ങളിലെ അവ്യക്തത മൂലമോ ആര്‍ക്കെങ്കിലും ലഭിക്കണ്ട ആനുകൂല്യങ്ങളോ അവകാശങ്ങളോ നിഷേധിക്കുമ്പോള്‍ നിയമത്തിന്റെ ചട്ടക്കൂടില്‍ ഒതുങ്ങിനിന്ന് അത് പരിഹരിക്കാനുള്ള ഇടപെടലുകളാണ് അദാലത്തില്‍ നടക്കുന്നത്. അത് പൂര്‍ണ്ണവിജയമാണെന്നും മന്ത്രി പറഞ്ഞു. ജില്ലയിലേത് 17- ാമത് അദാലത്താണ്. അദാലത്തിലൂടെ ലഭിച്ച പരാതികളുടേയും മാര്‍ഗ്ഗ നിര്‍ദേശങ്ങളുടേയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ 42 പൊതു തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. 100 ഓളം ചട്ട ഭേദഗതിയിലൂടെ 351 മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഇതിനായി ടൗണ്‍ പ്ലാനിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശില്‍പശാല സംഘടിപ്പിച്ച് ആവശ്യമായ നിര്‍ദ്ദേശം സര്‍ക്കാറിന് സമര്‍പ്പിച്ചതായി മന്ത്രി പറഞ്ഞു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത പരാതികളാണ് അദാലത്തില്‍ പരിഹരിച്ചത്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത പരാതിക്കാരെയും മന്ത്രി നേരില്‍ കണ്ട് പരാതികള്‍ പരിശോധിച്ച് തീര്‍പ്പാക്കി. അദാലത്ത് വേദിയില്‍ പരാതി നല്‍കിയവരില്‍ നിന്നും വിവിധ കൗണ്ടറുകള്‍ മുഖേന അപേക്ഷ സ്വീകരിച്ചു. ഈ പരാതികളില്‍ രണ്ടാഴ്ചക്കകം തീര്‍പ്പ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി സ്വദേശി കെ സുരേഷ് വീടിനോട് ചേര്‍ന്ന് 3.5 സെന്റ് സ്ഥലത്ത് ഉപജീവനത്തിനായി ആരംഭിച്ച ഹോട്ടലിന് ലൈന്‍സ് ലഭിച്ചില്ലെന്ന പരാതിയില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുകയും അദാലത്ത് വേദിയില്‍ അനുകൂല തീര്‍പ്പാക്കുകയും ഉദ്ഘാടന പ്രസംഗത്തിന് ശേഷം വേദിയില്‍ വെച്ച് തന്നെ മന്ത്രി അപേക്ഷന് ലൈസന്‍സ് കൈമാറി. ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിജീവിക്കാന്‍ ഒറ്റക്കെട്ടായി അണിനിരന്ന വകുപ്പ് ജീവനക്കാര്‍ക്കും ജന പ്രതിനിധികള്‍ക്കും മന്ത്രി അഭിനന്ദനമറിയിച്ചു. ദുരന്ത പ്രദേശത്തെ അതിജീവന – പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ പഴുതടച്ച നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും മന്ത്രി വ്യക്തമാക്കി. തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണുന്നതില്‍ ശ്രദ്ധ ചെലുത്തുകയും നിയമ സഭയില്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുകയും ചെയ്യുന്ന മന്ത്രിയാണെന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. അദാലത്തില്‍
ഐ.സിബാലകൃഷ്ണ എം.എല്‍.എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ്, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ടി.വി അനുപമ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവു, എ.ഡി.എം. കെ. ദേവകി, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് ടൗണ്‍ പ്ലാനര്‍ ഷിജി ഇ ചന്ദ്രന്‍, ചീഫ് എജിനീയര്‍ കെ.ജി സന്ദീപ്, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എച്ച്. ബി പ്രദീപന്‍ മാസ്റ്റര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, എല്‍.എസ്. ജി.ഡി ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ്, തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍,
ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.