Listen live radio
പൂമല കെ.എസ് ടീ സ്റ്റാള്‍ സംരംഭകന് മന്ത്രിയുടെ കരുതല്‍
അച്ഛനായി തുടങ്ങിവെച്ച സംരംഭം, അതായിരുന്നു വര്‍ഷങ്ങളായി ഞങ്ങളുടെ ഏക ജീവിത മാര്‍ഗ്ഗം. കുട്ടികളില്ലാത്തതിന്റെ വിഷമം ഞാനും സിനിയും മറന്നിരുന്നത് ജോലി തിരക്കുകള്‍ക്കിടയിലാണ്. വീടിനോടു ചേര്‍ന്ന സംരംഭത്തിന് ലൈസന്‍സ് ലഭിക്കുന്നതിലെ സാങ്കേതിക തടസ്സം കാരണം പൂട്ടേണ്ടി വരുമോയെന്ന ആശങ്കയിലായിരുന്നു സുരേഷ്. ആറു മാസത്തോളമായി പരിഹരിക്കാത്ത ജീവിത പ്രശ്‌നം മന്ത്രി എം.ബി രാജേഷ് പരിഹരിച്ചത് 10 മിനുട്ടിനകം. സുല്‍ത്താന്‍ ബത്തേരിയിലെ ജില്ലാതല തദ്ദേശ അദാലത്ത് വേദിയില്‍ പൂമല കൃഷ്ണ പൊയില്‍ വീട്ടില്‍ സുരേഷിന് നഗരസഭാ അനുവദിച്ച ലൈസന്‍സ് മന്ത്രി എം. ബി രാജേഷ് അദാലത്തിന്റെ തുടക്കത്തില്‍ തന്നെ നേരിട്ട് കൈമാറിയപ്പോള്‍ സുരേഷിന്റെ മുഖത്ത് നിറചിരി. ഏറെ ആശ്വാസവും സന്തോഷവുമുണ്ടായ നിമിഷം. മന്ത്രിയില്‍ നിന്ന് ലൈസന്‍സ് ഏറ്റുവാങ്ങി സുരേഷ് പറഞ്ഞു.പൂമലയിലെ മൂന്നര സെന്റിലെ വീടിനോട് ചേര്‍ന്ന് കഴിഞ്ഞ 16 വര്‍ഷമായി കെ. എസ് ടീ സ്റ്റാള്‍ നടത്തുകയാണ് സുരേഷും ഭാര്യ സിനിയും. ഇത്തവണ നഗരസഭാ ലൈസന്‍സ് പുതുക്കി നല്‍കാന്‍ അപേക്ഷിച്ചപ്പോള്‍ ഒക്യുപെന്‍സി മാറ്റണമെന്നത് സംബന്ധിച്ച സാങ്കേതികത്വം തടസമായി. ഇതോടെ ഇനിയെന്തന്നറിയാതെ വിഷമത്തിലായ സുരേഷ് ഡിവിഷന്‍ അംഗം സലീം മടത്തിലിനോട് കാര്യം പറഞ്ഞു. ഒടുവില്‍ അദ്ദേഹത്തിന്റെ കൂടി സഹായത്തോടെയാണ് ജില്ലാതല തദ്ദേശ അദാലത്തില്‍ അപേക്ഷ നല്‍കിയത്. സംരംഭം നിലനിര്‍ത്താനുള്ള ജീവിത മാര്‍ഗ്ഗം മുടങ്ങാതിരിക്കാന്‍ മന്ത്രി കൈക്കൊണ്ട അനുഭാവ പൂര്‍വ്വമായ തീരുമാനത്തില്‍ നന്ദിയും സന്തോഷവുമുണ്ടെന്ന് സുരേഷ് പറഞ്ഞു. തന്നെ പോലെ സംരംഭം നടത്തുന്നവര്‍ക്ക് ഇത്തരം നടപടികള്‍ ഏറെ ആശ്വാസകരമാണെന്നും ഇതിന് മുന്‍ കൈയ്യെടുക്കുന്ന മന്ത്രിയെയും സര്‍ക്കാറിനെയും അഭിനന്ദിക്കുന്നതായും സുരേഷ് കൂട്ടിച്ചേര്‍ത്തു. പൂമലയിലെ കുമാരന്റെയും പരേതയായ ജാനകിയുടെയും മകനായ സുരേഷ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസന്‍സ്, ഹെല്‍ത്ത് കാര്‍ഡ് തുടങ്ങി എല്ലാ രേഖകളുമായാണ് ടീ സ്റ്റാള്‍ നടത്തുന്നത്.