Listen live radio
കോഴിക്കോട്: നജീബിന്റെ കണ്ണുകള്‍ക്ക് കാഴ്ച മങ്ങില്ല, കിഡ്‌നികള്‍ക്ക് വിശ്രമവും..!. ജീവിത കാലത്ത് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ അഴിച്ചുപണിത് കൂടുതല്‍ മികച്ചതാക്കാന്‍ ഉത്സാഹം കാണിച്ചുരുന്ന നജീബിന്റെ അവയവങ്ങള്‍ ഇനി നാല് കുടുംബങ്ങള്‍ക്ക് പുതുജീവന്‍ നല്‍കും. മലപ്പുറം മഞ്ചേരി സ്വദേശിയായ 46 കാരന്‍ നജീബിന് കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ നിന്ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.തലകറക്കം പോലുള്ള ചില അസ്വസ്തകള്‍ കണ്ടതിനെ തുടര്‍ന്നാണ് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നജീബ് ചികിത്സ തേടിയെത്. അടിയന്തിര ചികിത്സക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴേക്കും തലയിലെ അനിയന്ത്രിത രക്തസ്രാവമൂലം നില ഗുരുതരമായിരുന്നു. വൈകാതെ മസ്തിഷ്‌ക മരണവും സ്തിരീകരിച്ചു. നാട്ടിലും വിദേശത്തെ ജോലി സ്ഥലങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടെ തന്റേതായ വ്യക്തിത്വം നിലനിര്‍ത്തിയ നജീബിന്റെ ആകസ്മിക മരണം തങ്ങള്‍ക്ക് നികത്താന്‍ പറ്റാത്ത വിടവാണെങ്കിലും,
ജീവിതത്തില്‍ ഒരിക്കല്‍പോലും കാണാത്ത മനുഷ്യര്‍ക്ക് അവന്‍ കാരണം പുതുവെളിച്ചമേകാന്‍ പറ്റിയാല്‍ അത് വലിയ സത്കര്‍മമമായി കാണുന്നതുകൊണ്ടാണ് അവയവങ്ങള്‍ പകര്‍ന്നു നല്‍കാന്‍ തയ്യാറായതെന്ന് കുടുംബം പറയുന്നു. രണ്ട് വൃക്കകളും, രണ്ട് നേത്ര പടലങ്ങളുമാണ് കേരള സര്‍ക്കാറിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെഎന്‍ഒഎസ്) വഴി ദാനം ചെയ്തത്. കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലേയും, കോഴിക്കോട് മെഡിക്കല്‍ കോളേജിലേയും രോഗികള്‍ക്കാണ് വൃക്കകള്‍ നല്‍കിയത്. കണ്ണുകള്‍ ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലെ രോഗികള്‍ക്കും.
മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നതു സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങളും നിയമപ്രശ്ങ്ങളുമാണ് പലരെയും മരണാനന്തര അവയവദാനത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതായി മനസ്സിലാക്കാന്‍ പറ്റുന്നത്. മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നതിന് ആശുപത്രിയിലെ ഡോക്ടര്‍മാരെക്കൂടാതെ സര്‍ക്കാര്‍ പാനലിലുള്ള രണ്ട് വിദഗ്ധ ഡോക്ടര്‍മാര്‍ അടക്കമുള്ള സംഘം പ്രത്യേക പ്രോട്ടക്കോള്‍ തയ്യാറാകിയാണ് മരണം സ്ഥിരീകരിക്കാറുള്ളത്. അവയവദാനം തീര്‍ത്തും സാമ്പത്തിക നേട്ടമില്ലാത്ത സത്കര്‍മ്മവുമാണ്. സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരുടെ മുന്‍ഗണന പ്രകാരമാണ് സ്വീകര്‍ത്താവിനെ തിരഞ്ഞെടുക്കുന്നതെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവിയായ ഡോ.വേണുഗോപാലന്‍ പറഞ്ഞു. ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവദാനം കൂടുന്ന പ്രവണതയാണുള്ളത്. എന്നാല്‍ മസ്തിഷ്‌കമരണം സംഭവിച്ചവരുടെ അവയവദാനത്തിന് സമൂഹം കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്നും സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ വൃക്കമാറ്റിവെക്കലിനു മാത്രമായി ആയിരത്തിലധികം പേര്‍ ഇപ്പോഴും രജിസ്റ്റര്‍ ചെയ്ത് പ്രതീക്ഷയോടെ കാത്തിരിപ്പുണ്ടെന്നും കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ഡെപ്യൂട്ടി സി എം എസ് ഡോ.നൗഫല്‍ ബഷീര്‍ പറഞ്ഞു . ദൈവ വിധിയില്‍ പകച്ചുനില്‍ക്കുന്ന സമയത്തും ഉചിതമായ തീരുമാനമെടുത്ത് നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കാന്‍ കാരണക്കാരായ നജീബിന്റെ മക്കളും സഹോദരനും മറ്റു കുടുംബാംഗങ്ങളും സമൂഹത്തിന് മാതൃകയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശസ്ത്രക്രിയാ നടപടികള്‍ക്ക് ആസ്റ്റര്‍ മിംസിലെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെയും യൂറോളജി, നഫ്രോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാരും നഴ്‌സുമാരും നേതൃത്വം നല്‍കി.