Listen live radio
നവീന്‍ ബാബുവിന്റെ മരണം: കലക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും; ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് വൈകിയേക്കും
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കലക്ടറേറ്റിലെത്തിയാകും പൊലീസ് മൊഴിയെടുക്കുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ടൗണ്‍ സിഐ ശ്രീജിത്ത് കോടേരി പറഞ്ഞു. യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തവരുടെ മൊഴിയെടുക്കല്‍ ഇന്നും തുടരും.
ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനില്‍ നിന്നും വകുപ്പു തല അന്വേഷണത്തിന് നിയോഗിച്ച ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത മൊഴിയെടുത്തിരുന്നു. പി പി ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് താന്‍ ക്ഷണിച്ചിട്ടില്ലെന്നും, ദിവ്യയ്ക്ക് പങ്കെടുക്കാനായി യോഗത്തിന്റെ സമയം മാറ്റിയിട്ടില്ലെന്നും കലക്ടര്‍ മൊഴി നല്‍കിയതായാണ് സൂചന. കലക്ടര്‍ ക്ഷണിച്ചിട്ടാണ് യോഗത്തിനെത്തിയതെന്നാണ് ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
അതേസമയം സംഭവത്തില്‍ ആരോപണ വിധേയയായ പി പി ദിവ്യയുടെ മൊഴി ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ എ ഗീത ഐഎഎസ് കൂടുതല്‍ സാവകാശം തേടിയതായാണ് വിവരം. നവീന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് ആരോപണങ്ങളുടെ രേഖകളും ഫയലും കളും പരിശോധിക്കാനും, മൊഴികള്‍ വിലയിരുത്താനുമുള്ളതിനാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്നാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.