Listen live radio

നാടിനെ നടുക്കിയ ദുരഭിമാന കൊല; തേങ്കുറിശ്ശി കൊലക്കേസിൽ ഇന്ന് വിധി

after post image
0

- Advertisement -

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ ഇന്ന് വിധി പറയും. രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ വിനായക റാവു ശിക്ഷ വിധിക്കും. കേസിൽ രണ്ട് പ്രതികളും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു. 2020 ഡിസംബർ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മേൽജാതിക്കാരിയായ ഹരിതയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് വിവാഹം ചെയ്തെന്ന കാരണത്താൽ അമ്മാവനും അച്ഛനും ചേർന്ന് അനീഷിനെ കൊലപ്പെടുത്തിയെന്നാണു കേസ്.

വിവാഹത്തിന്റെ 88ാം നാളിലായിരുന്നു കൊലപാതകം. കേസിൽ അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്.

ഡിസംബർ 25ന് വൈകീട്ട് പൊതുസ്ഥലത്തു വച്ചാണ് അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം തന്നെ നിരവധി തവണ പ്രതികൾ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. പെയിന്റിങ് തൊഴിലാളിയായ അനീഷും ഹരിതയും സ്‌കൂൾ പഠനകാലം മുതൽ പ്രണയത്തിലായിരുന്നു.

പ്രതികളെ തൂക്കിക്കൊല്ലണമെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത നേരത്തെ പ്രതികരിച്ചിരുന്നു. പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. അവർക്ക് കടുത്ത ശിക്ഷ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹരിത മാധ്യമങ്ങളോട് പറഞ്ഞു.

‘അവർക്ക് തൂക്കുകയർ തന്നെ വേണമെന്നതാണ് തന്റെ ആവശ്യം. കോടതിയുടെ ഭാഗത്ത് നിന്ന് നല്ല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. വാദങ്ങളെല്ലാം കൃത്യമായി അവതരിപ്പിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ട്. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടത്തിയിട്ടുണ്ട്. അവർക്ക് കോടതി കടുത്ത ശിക്ഷ നൽകണം’- ഹരിത മാധ്യമങ്ങളോട് പറഞ്ഞു.

Leave A Reply

Your email address will not be published.