Listen live radio
രാഹുല്‍ ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും നവംബര്‍ 3ന് മാനന്തവാടിയില്‍; പ്രിയങ്ക ഗാന്ധിയുടെ രണ്ടാം ഘട്ട പ്രചരണം 3 മുതല്‍ 7 വരെ
കല്‍പ്പറ്റ: വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി മൂന്നാം തീയതി മുതല്‍ ഏഴാം തീയതി വരെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തും. ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മൂന്നാം തീയതി മണ്ഡലത്തില്‍ ഉണ്ടാവും. മൂന്നിന് രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന പൊതുയോഗത്തില്‍ ഇരുവരും പങ്കെടുക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് അരീക്കോട് നടക്കുന്ന പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി സംസാരിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ. പി. അനില്‍ കുമാര്‍ എം. എല്‍. എ. പത്രക്കുറുപ്പില്‍ പറഞ്ഞു.പ്രിയങ്ക ഗാന്ധി ഉച്ചയ്ക്ക് ഒരു മണിക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ വാളാട് നടക്കുന്ന കോര്‍ണര്‍ യോഗത്തിലും 2.30ന് കോറോം നടക്കുന്ന കോര്‍ണര്‍ യോഗത്തിലും 4.45ന് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ തരിയോട് നടക്കുന്ന കോര്‍ണര്‍ യോഗത്തിലും പങ്കെടുക്കും.
നാലാം തീയതി രാവിലെ 10ന് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ കെണിച്ചിറയില്‍ നടക്കുന്ന കോര്‍ണര്‍ യോഗമാണ് ആദ്യ പരിപാടി. തുടര്‍ന്ന് 11ന് പുല്‍പ്പള്ളിയിലെ കോര്‍ണര്‍ യോഗത്തിലും 11.50ന് മുള്ളന്‍കൊല്ലിയിലെ പാടിച്ചിറയില്‍ കോര്‍ണര്‍ യോഗത്തിലും ഉച്ചയ്ക്ക് രണ്ടിന് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ മുട്ടിലില്‍ നടക്കുന്ന കോര്‍ണര്‍ യോഗത്തിലും 3.50ന് വൈത്തിരിയില്‍ നടക്കുന്ന കോര്‍ണര്‍ യോഗത്തിലും പ്രിയങ്ക ഗാന്ധി സംസാരിക്കും. തുടര്‍ന്ന് ഏഴാം തീയതി വരെ പ്രിയങ്ക മണ്ഡലത്തില്‍ പ്രചരണത്തിനുണ്ടാവും.