Listen live radio
കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് ഒരു തെളിവും ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് നേരത്തെ ചീഫ് സെക്രട്ടറി പരിശോധിച്ചിരുന്നു.
തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞതായി കളക്ടറുടെ പരാമർശം ഉണ്ട്. പക്ഷെ എന്തുദ്ദേശിച്ചാണ് പറഞ്ഞതെന്നു ലാന്റ് റവന്യൂ ജോയിന്റ് കമ്മിഷണർ എ ഗീത ഐഎഎസിന്റെ റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലില്ല. പമ്പുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ മനഃപൂർവം വൈകിപ്പിച്ചെന്ന കണ്ടെത്തലുകളും റിപ്പോർട്ടിൽ ഇല്ല. എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന വിവാദത്തിൽ സമഗ്രമായ അന്വേഷണം നടത്താനാണ് ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീത ഐഎഎസിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തിയിരുന്നത്.
കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെയും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും മൊഴിയും ജോയിന്റ് ലാൻഡ് റവന്യു കമ്മീഷണർ എ. ഗീത രേഖപ്പെടുത്തിയിരുന്നു. നാട്ടിലേക്ക് ട്രാൻസ്ഫറായി മടങ്ങാനിരിക്കെയാണ് നവീനെ കണ്ണൂരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്. നവീൻ ബാബുവിന് പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ കിട്ടിയപ്പോൾ സഹപ്രവർത്തകർ സംഘടിപ്പിച്ച യാത്രയയപ്പിലാണ് പി പി ദിവ്യ നവീനെ വേദിയിലിരുത്തി അഴിമതി ആരോപണം ഉന്നയിച്ചത്. ഒരു പെട്രോൾ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു അഴിമതി നടത്തിയെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു പി പി ദിവ്യയുടെ വിമർശനം.