Listen live radio
ജെറുസലേം: തനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഈ അറസ്റ്റ് വാറണ്ടിനെ 1894ല്‍ നടന്ന ഡ്രെയ്ഫസ് ട്രയലിനോട് നെതന്യാഹു ഉപമിച്ചു. എക്‌സില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് നെതന്യാഹു തനിക്കെതിരെയുള്ള നടപടിയില്‍ മറുപടി നല്‍കിയത്.
1894 ല്‍ ജര്‍മനിക്ക് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് ആല്‍ഫ്രഡ് ഡ്രെയ്ഫസ് എന്ന ജൂത ഫ്രഞ്ച് ആര്‍മി ഉദ്യോഗസ്ഥനെ കുറ്റക്കാരനെന്ന് കണ്ടെത്തിയ നടപടിയായിരുന്നു ഡ്രയ്ഫസ് ട്രയല്‍. രാജ്യ ദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഡ്രെയ്ഫസിനെ ഡെവിള്‍സ് ഐലന്റിലേയ്ക്ക് നാട് കടത്തുകയും ചെയ്തു. ഈ കേസ് യഹൂദ വിരുദ്ധതയുടെ പ്രതീകമായി മാറി. നെതന്യാഹുവിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ജഡ്ജിയും ഫ്രഞ്ച് പൗരനാണ് എന്നതാണ് ഈ സംഭവത്തെ ഓര്‍മിപ്പിക്കാന്‍ കാരണം.
ഇസ്രയേലിനെതിരെ ഹമാസിന്റെ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധത്തില്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് നെതന്യാഹുവിനെതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഐസിസി ഒരു ഇസ്രയേല്‍ രാഷ്ട്രത്തതലവന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് ഇതാദ്യമായാണ്. ഐസിസിയുടെ നടപടികള്‍ അസംബന്ധവും വ്യാജവുമാണെന്ന് നെതന്യാഹു പറഞ്ഞു. നീതിയുടെ ഇരുണ്ട ദിനമെന്നാണ് ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് വിശേഷിപ്പിച്ചത്. മനുഷ്യാവകാശ സംഘടനയായ ബിസെലം ഐസിസിയുടെ നടപടികളെ സ്വാഗതം ചെയ്തു. നിര്‍ണായകമായ ചുവടുവെപ്പാണെന്നാണ് സംഘം വിശേഷിപ്പിച്ചത്.