Listen live radio
കോമഡി വിട്ട് ബേസിൽ; ത്രില്ലടിപ്പിച്ച് സൂക്ഷ്മദർശിനി (3.5 / 5)
അയൽപ്പക്കത്തെ വീട്ടിൽ എന്താണ് നടക്കുന്നതെന്ന് നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ആളുകളെ യഥാർഥ ജീവിതത്തിലും സിനിമയിലുമൊക്കെ ധാരാളം നമ്മൾ കണ്ടിട്ടുണ്ടാകും. സൂക്ഷ്മദർശിനിയും അത്തരത്തിലുള്ള അയൽവാസിയെ അല്ലെങ്കിൽ അയൽവാസികളെ ചുറ്റിപറ്റിയുള്ള കഥയാണ്. പ്രിയദർശിനി (നസ്രിയ) എന്ന സ്ത്രീയുടെ വീടിനടുത്ത വീട്ടിൽ പുതിയ താമസക്കാരെത്തുന്നു. മാനുവലും (ബേസിൽ ജോസഫ്) അയാളുടെ അമ്മയുമാണ് (മനോഹരി ജോയി) പുതിയ താമസക്കാർ.
ഓരോ ദിവസം കഴിയുന്തോറും പുതിയ അയൽവാസികളെക്കുറിച്ച് പ്രിയദർശിനിയുടെ ഉള്ളിലൊരു അസ്വാഭാവികത തോന്നുകയും പിന്നാലെ മാനുവലിനെയും അയാളുടെ കുടുംബത്തെയും ചുറ്റിപ്പറ്റിയുള്ള നിഗൂഢത പ്രിയദർശിനി പുറത്തു കൊണ്ടുവരുകയും ചെയ്യുന്നതാണ് കഥ. ഒരു സസ്പെൻസ് ത്രില്ലറായാണ് ചിത്രം മുന്നോട്ട് പോകുന്നത്.
പ്രിയദർശിനിയുടെ കാറിൽ മറ്റൊരു വാഹനം വന്നിടിക്കുന്നിടത്തു നിന്നാണ് സൂക്ഷ്മദർശിനി തുടങ്ങുന്നത്. സംവിധായകൻ എംസി ജിതിന്റെ വാക്കുകൾ തന്നെ കടമെടുത്താൽ, “ഈ സിനിമയിലെ ഓപ്പണിങ് ഇമേജും ഫൈനൽ ഇമേജും മിസ് ചെയ്യരുത്”. കാരണം സിനിമയുടെ ചില സസ്പെൻസുകളിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്നത് ഈ ഷോട്ടുകളാണ്.
സിനിമയുടെ ആദ്യ പകുതിയിൽ ശരിക്കും എന്താണ് സംഭവിക്കുന്നതെന്നൊരു കൺഫ്യൂഷൻ പ്രേക്ഷകർക്ക് ഉണ്ടാകുന്നുണ്ട്. വളരെ സ്ലോ പേസിലാണ് ആദ്യമൊക്കെ കഥ കടന്നുപോകുന്നതും. കുറേ കഥാപാത്രങ്ങളും ആദ്യ പകുതിയിൽ സ്ക്രീനിലെത്തുന്നുണ്ട്. ഇവരൊക്കെ തമ്മിൽ എന്താണ് ബന്ധമെന്നോ, എന്താണ് നടക്കുന്നതെന്നോ ഒക്കെയുള്ള പല സംശയങ്ങളും പ്രേക്ഷക മനസിലുണ്ടാകും.
തിരക്കഥയിലുള്ള ഒതുക്കമില്ലായ്മ ആദ്യ പകുതിയിൽ തന്നെ നന്നായി അനുഭവപ്പെടുന്നുണ്ട്. സംവിധായകൻ എംസിയും ലിബിന്‍ ടി ബി, അതുല്‍ രാമചന്ദ്രന്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നതും. എന്നാൽ രണ്ടാം പകുതിയിലേക്ക് വരുമ്പോൾ പ്രേക്ഷകരെ കാത്ത് ചെറിയ ചില സസ്പെൻസും ട്വിസ്റ്റുമൊക്കെ ഇരിപ്പുണ്ട്. രണ്ടാം പകുതി തുടങ്ങുമ്പോഴാണ് ശരിക്കും സിനിമയൊന്ന് ജീവൻ വച്ചു തുടങ്ങുന്നതും.
അതുവരെ ഒരു ഒഴുക്കൻ മട്ടിൽ തന്നെയാണ് സിനിമയുടെ സഞ്ചാരം. സിനിമ ത്രില്ലർ മൂഡിലേക്ക് മാറുന്നതും ഇവിടെ നിന്നാണ്. ബേസിലിന്റെ ചില മാനറിസങ്ങളിലൂടെയും സിദ്ധാർഥ് ഭരതനുമായുള്ള കോമ്പിനേഷൻ രംഗങ്ങളിലുമൊക്കെ ചെറിയൊരു ഹ്യൂമർ കൊണ്ടുവരാനും സംവിധായകൻ എംസി ശ്രമിച്ചിട്ടുണ്ട്. റിവേഴ്സ് ഗിയറിൽ കഥ പറയാനുള്ള സംവിധായകന്റെ സമീപനം ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. ഒരിക്കലും പ്രേക്ഷകൻ മനസിൽ ചിന്തിക്കാത്ത ഒരു കഥയിലേക്കാണ് ക്ലൈമാക്സിൽ സംവിധായകൻ എത്തിക്കുന്നത്.
ബേസിലിന്റെ സിനിമ എന്ന് പറയുമ്പോഴേ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് തഗും ഹ്യൂമറും അദ്ദേഹത്തിന്റെ ചില മാനറിസങ്ങളുമൊക്കെയായിരിക്കും. എന്നാൽ ഇതിൽ നിന്ന് വളരെ വ്യത്യസ്തമാണ് ബേസിലിന്റെ സൂക്ഷ്മദർശിനിയിലെ കഥാപാത്രം. ആദ്യാവസാനം വരെ മാനുവൽ എന്ന കഥാപാത്രം ബേസിലിൽ വളരെ ഭദ്രമായിരുന്നു. ട്രാക്ക് മാറ്റി പിടിച്ചുള്ള ബേസിലിന്റെ ശ്രമം നന്നായിട്ടുണ്ടെന്ന് വേണം പറയാൻ. എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം മനോഹരി ജോയിയുടേതാണ്.
അക്ഷരാർഥത്തിൽ ഞെട്ടിച്ചു കളഞ്ഞത് മനോഹരി തന്നെയാണ്. മലയാളികൾ ഇതുവരെ കണ്ടു ശീലിച്ച ഒരു അമ്മച്ചിയിൽ നിന്ന് മാറിയാണ് മനോഹരിയുടെ കഥാപാത്രം സഞ്ചരിക്കുന്നത്. മനോഹരിയുടെയും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും സൂക്ഷ്മദർശിനിയിലേത്. നാല് വർഷത്തിന് ശേഷമാണ് നസ്രിയയും ഒരു മലയാള സിനിമയിലെത്തുന്നത്. ഒരു കുട്ടിയുടെ അമ്മയായ പ്രിയദർശിനിയെ നസ്രിയയും മികച്ചതാക്കി. ബേസിലിനൊപ്പം തന്നെ നസ്രിയയും ചിത്രത്തിൽ സ്കോർ ചെയ്തിട്ടുണ്ട്. ദീപക് പറമ്പോൽ, സിദ്ധാർഥ് ഭരതൻ, കോട്ടയം രമേഷ് തുടങ്ങിയവരും അവരുവരുടെ ഭാഗം മികവുറ്റതാക്കി. ശരിക്കും സിനിമയ്ക്ക് സൂക്ഷ്മദർശിനി എന്ന പേരിട്ടതെന്തിനാണെന്ന് സിനിമയുടെ അവസാനം പ്രേക്ഷകർക്ക് മനസിലാകും.മൊത്തത്തിൽ സിനിമയുടെ മേക്കിങ്, എഡിറ്റിങ്, പശ്ചാത്തല സംഗീതം, ഛായാഗ്രഹണം അങ്ങനെ ഓരോന്നും പ്രശംസ അര്‍ഹിക്കുന്നുണ്ട്. ഹാപ്പി ഹവേർസ് എന്റർടൈൻമെന്റ്, എവിഎ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എവി അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇത്രയും വലിച്ചു നീട്ടാതെ പറയാനുള്ളത് കൃത്യമായി അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സിനിമ ആസ്വാദ്യകരമായി മാറിയേനെ. സസ്പെൻസ് ക്രൈം ത്രില്ലർ സിനിമകൾ കാണാനിഷ്ടമുള്ള പ്രേക്ഷകർക്ക് തീർച്ചയായും കണ്ടിരിക്കാം സൂക്ഷ്മദർശിനി.