Listen live radio
തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. വരുംദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായതും അതിശക്തമായതുമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.ശനിയാഴ്ച തൃശൂര്‍, മലപ്പുറം ജില്ലകളിലും ഞായറാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ ലഭിക്കുന്ന അതിശക്തമായ മഴയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയും പ്രവചിക്കുന്നുണ്ട്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
യെല്ലോ അലര്‍ട്ട്:
30/11/2024: പാലക്കാട്, കോഴിക്കോട്, വയനാട്
01/12/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്
02/12/2024: തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍
അതിനിടെ ബംഗാള്‍ ഉള്‍ക്കടല്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു. ഇന്ന് രാവിലെ വരെ അതിതീവ്ര ന്യൂനമര്‍ദ്ദമായി തുടര്‍ന്ന് വൈകുന്നേരത്തോടെ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി കുറയും. തുടര്‍ന്ന് ശനിയാഴ്ച രാവിലെയോടെ പുതുച്ചേരി തീരത്തിന് സമീപം കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശനിയാഴ്ച രാവിലെ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദേശം
തെക്കന്‍ കേരള തീരത്ത് ശനിയാഴ്ച വരെയും കേരള തീരത്ത് ഞായറാഴ്ച മുതല്‍ തിങ്കളാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ കേരള തീരത്തും കേരള തീരത്തും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.