Listen live radio
കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലില്‍ മുഴുവന്‍ കുടുംബാംഗങ്ങളെയും പിന്നീട് വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടമായ ചൂരല്‍മല സ്വദേശിനി ശ്രുതിക്ക് റവന്യൂ വകുപ്പില്‍ വയനാട്ടില്‍ ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം നല്‍കുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ശ്രുതിക്ക് ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ശ്രുതിക്ക് ക്ലാര്‍ക്ക് നിയമനത്തിന് യോഗ്യതയുള്ളതായും വയനാട്ടില്‍ റവന്യു വകുപ്പില്‍ ഒഴിവുള്ളതായും ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് പരിശോധിച്ചാണ് സര്‍ക്കാര്‍ ഉത്തരവ്. ഒരിക്കല്‍ സ്വീകരിച്ച നിയമനം അന്തിമമായിരിക്കുമെന്നും നിയമനമാറ്റം അനുവദിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.ജൂലൈ 30നു രാത്രിയില്‍ പുഞ്ചിരിമട്ടം വനത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ പിതാവ് ശിവണ്ണന്‍, മാതാവ് സബിത, സഹോദരി ശ്രേയ എന്നിവരടക്കം കുടുബത്തിലെ ഒന്‍പത് പേരെയാണ് ശ്രുതിക്കു നഷ്ടമായത്. കോഴിക്കോട് ജോലി ചെയ്തിരുന്ന ശ്രുതി ദുരന്തദിനത്തില്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.
സ്‌കൂള്‍കാലം മുതല്‍ സൗഹൃദത്തിലായിരുന്ന അമ്പലവയല്‍ ആണ്ടൂര്‍ പരിമളത്തില്‍ ജെന്‍സനുമായി ശ്രുതിയുടെ വിവാഹം നിശ്ചയിച്ചിരിക്കെയായിരുന്നു ഉരുള്‍ദുരന്തം. ഉറ്റവരെ ഉരുളെടുത്തതിന്റെ വേദനയില്‍ നീറിയ ശ്രുതിക്ക് ആശ്വാസമായത് ജെന്‍സന്റെയും വീട്ടുകാരുടെയും സാന്ത്വനമായിരുന്നു. ശ്രുതിയെ ചേര്‍ത്തുപിടിച്ച ജെന്‍സനെയും അപ്രതീക്ഷിതമായി മരണം തട്ടിയെടുത്തു. സെപ്റ്റംബര്‍ 10ന് കല്‍പ്പറ്റ വെള്ളാരംകുന്നിലുണ്ടായ വാഹനാപകടമാണ് ജെന്‍സന്റെ ജീവനെടുത്തത്. അപകടത്തില്‍ ശ്രുതിക്ക് ഗുരുതര പരിക്കേറ്റിരുന്നു. നിലവില്‍ കല്‍പ്പറ്റ അമ്പിലേരി കുളങ്ങര അപ്പാര്‍ട്ട്‌മെന്റിലാണ് ശ്രുതിയുടെ താമസം