Listen live radio

ബാലഭാസ്‌കറിന്റെ മരണം കൊലപാതകം; സിബിഐയും സ്വാധീനത്തിന് വഴങ്ങി: കെസി ഉണ്ണി

after post image
0

- Advertisement -

തിരുവനന്തപുരം: വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് പിതാവ് കെസി ഉണ്ണി. സ്വര്‍ണമാഫിയ ആണ് കൊലപാതകത്തിന് പിന്നിലെന്നും ബാലഭാസ്‌കറിന്റെ മരണശേഷമാണ് ഡ്രൈവര്‍ അര്‍ജുന്‍ ക്രിമിനലാണെന്ന് തിരിച്ചറിഞ്ഞതെന്നും പിതാവ് പറഞ്ഞു. അന്വേഷണത്തില്‍ കുടുംബത്തിന് നീതി ലഭിച്ചില്ല. സിബിഐയും സ്വാധീനത്തിന് വഴങ്ങിയെന്നും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളെ കുറിച്ച് ആലോചിക്കുമെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. പെരിന്തല്‍മണ്ണ സ്വര്‍ണക്കടത്ത് കേസില്‍ ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് കെസി ഉണ്ണി മാധ്യമങ്ങളെ കണ്ടത്.

ബാലുവിന്റെ മരണത്തിന് പിന്നില്‍ സ്വര്‍ണ മാഫിയയും ഡ്രൈവര്‍ അര്‍ജുനുമാണ്. ആര് ചാകുന്നു, ആരെ കൊല്ലുന്നു എന്നതൊന്നുമല്ല സ്വര്‍ണമാഫിയക്കാരുടെ പ്രശ്‌നം. അവരുടെ കാര്യം നടക്കണം. മൂന്ന് കിലോ സ്വര്‍ണം അവര്‍ എടുത്തുകൊണ്ടുപോയി എന്നാണ് പറയുന്നത്. എന്നിട്ടും പൊലിസിന് പിടിക്കാന്‍ പറ്റിയിട്ടില്ല. അന്വേഷണത്തില്‍ ഒരുതരത്തിലും നീതി ലഭിച്ചിട്ടില്ല. ഇങ്ങനെ പോകുകയാണ്. സിബിഐ രണ്ടാമത് റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ മുഴുവന്‍ ഭാഗവും കിട്ടിയിട്ടില്ല. അപകടമരണമെന്നാണ് രണ്ടാമത്തെയും റിപ്പോര്‍ട്ടിലുള്ളത്. അവരും സ്വാധീനത്തിന് വഴങ്ങിയതായാണ് മനസിലാക്കുന്നത്’ പിതാവ് പറഞ്ഞു

അര്‍ജുനെതിരായ കേസ് പിന്‍വലിക്കാന്‍ നേരത്തെ സമ്മര്‍ദം ഉണ്ടായിരുന്നു. ഡിവൈഎസ്പി അനന്തകൃഷ്ണന്‍ സമീപിച്ചിരുന്നു. ബാലു ഡ്രൈവ് ചെയ്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ഡ്രൈവര്‍ അര്‍ജുന്‍ അന്വേഷണസംഘത്തിനോട് പറഞ്ഞത്. അതിന് നഷ്ടപരിഹാരം താന്‍ നല്‍കണമെന്നായിരുന്നു അവന്റെ ആവശ്യം. ഇന്‍ഷൂറന്‍സ് കമ്പനി നല്‍കണമെന്നായിരുന്നില്ല. ഒരുകോടി 30 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. മരണശേഷമാണ് എടിഎം കവര്‍ച്ചയില്‍ അര്‍ജുന്‍ കൂട്ടുനിന്നതായി അറിഞ്ഞത്. അര്‍ജുന്‍ ക്രിമിനലാണെന്ന് പിന്നീട് നാട്ടുകാര്‍ പറഞ്ഞു. അയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്’- കെസി ഉണ്ണി പറഞ്ഞു.

പെരിന്തല്‍മണ്ണ സ്വര്‍ണക്കടത്ത് കേസിലെ പതിമൂന്ന് പ്രതികളിലൊരാളാണ് ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍. നേരത്തെ, ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നാലെ സ്വര്‍ണക്കടത്ത് ആരോപണം ഉയര്‍ന്നിരുന്നു. മരണത്തില്‍ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും അത് അപകടമരണമാണെന്നും ഒരു ദുരൂഹതയും ഇല്ലെന്നുമായിരുന്നു കണ്ടെത്തല്‍. ഇതിന് പിന്നാലെ കുടുംബം ഹൈക്കോടതിയെ സമീപിച്ച് സിബിഐ അന്വേഷണത്തിന് അനുമതി വാങ്ങി.

തിരുവനന്തപുരം സിബിഐ യൂണിറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ മരണത്തില്‍ ദൂരുഹതയില്ലെന്നും അപകടത്തില്‍ മറ്റൊരാള്‍ക്കും പങ്കില്ലെന്നുമാണ് കണ്ടെത്തല്‍. കുടുംബം ഉന്നയിച്ച സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ക്കും പ്രത്യക്ഷത്തില്‍ തെളിവില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ജുന്റെ അശ്രദ്ധമായ ഡ്രൈവിങാണ് അപകടത്തിന് ഇടയാക്കിയതെന്നും അര്‍ജുനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായ ഡ്രൈവിങ് എന്നിവയ്‌ക്കെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു.

Leave A Reply

Your email address will not be published.