Listen live radio
പുല്‍പള്ളി: ഒടുവില്‍ നേന്ത്രവാഴകൃഷിയും അതിര്‍ത്തി കടക്കുന്നു. ജില്ലയിലെ കര്‍ഷകര്‍ വിവിധ കാരണങ്ങളാല്‍ നേന്ത്രവാഴ കൃഷി കുറച്ചതാണ് കര്‍ണാടക കര്‍ഷകര്‍ വാഴക്കൃഷിയില്‍ സജീവമാകാന്‍ കാരണമായത്. കഴിഞ്ഞവര്‍ഷം വാഴക്കൃഷി നടത്തിയവര്‍ക്ക് വന്‍നഷ്ടമുണ്ടായി. കിലോയ്ക്ക് 14 രൂപയാണ് കര്‍ഷകര്‍ക്കു ലഭിച്ചത്. കര്‍ണാടകയില്‍ 12 രൂപയും. വന്യമൃഗശല്യം, രോഗബാധ, വരള്‍ച്ച എന്നീകാരണങ്ങളും കൃഷിയെ കൈവിടാന്‍ കാരണമായെന്ന് കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റില്‍ വാഴകളെല്ലാം നിലംപൊത്തി. കര്‍ഷകര്‍ക്ക് കാര്യമായ സഹായം ലഭിച്ചതുമില്ല. ഒരു വാഴ നട്ട് ആദായമെടുക്കുംവരെ ചുരുങ്ങിയത് 150 രൂപവരെ ചെലവാകും.എന്തെങ്കിലും കാരണത്താല്‍ വിളവെടുപ്പു മുടങ്ങിയാല്‍ മുടക്കുമുതല്‍ നഷ്ടമാകും. കാറ്റിനെ പ്രതിരോധിക്കാന്‍ താങ്ങുകാല്‍ നാട്ടുന്നതിനു പുറമെ വാഴ സുരക്ഷിതമായി വലിച്ചുകെട്ടുകയും വേണം. പിണ്ടിതുരന്ന് വാഴയെ ഇല്ലാതാക്കുന്ന പുഴുവും ഓലകരിച്ചിലും ഭീഷണിയാണ്. ഇക്കൊല്ലം നേന്ത്രന് വിലയുണ്ട്. പച്ചക്കായ കിലോയ്ക്ക് 45 രൂപയുണ്ട്.
ഇക്കൊല്ലം വില 55 വരെയെത്തിയിരുന്നു. കര്‍ണാടകയില്‍ 50 രൂപയ്ക്കാണ് കഴിഞ്ഞ ദിവസം വില്‍പ്പന നടന്നത്. ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ നിന്നു ലഭിക്കുന്ന വാഴക്കുലകള്‍ പ്രാദേശിക വിപണിയിലെ ആവശ്യത്തിനുമാത്രമേ തികയുന്നുള്ളുവെന്ന് പ്രാദേശിക വ്യാപാരികള്‍ പറയുന്നു. കര്‍ണാടകയില്‍ നിന്നെത്തുന്ന കായാണ് മറ്റുജില്ലകളില്‍ വില്‍ക്കുന്നത്. ഉല്‍പന്നത്തിനു ക്ഷാമമേറിയപ്പോള്‍ വില ഉയര്‍ന്നു. ഏതെങ്കിലും ഉല്‍പന്നത്തിന് വിലയേറുമ്പോള്‍ കര്‍ഷകര്‍ കൂട്ടത്തോടെ ആ കൃഷിയിലേക്കിറങ്ങുകയും കൂടിയ അളവില്‍ കൃഷി നടത്തുകയും ചെയ്യുന്നതാണ് വിലയിടിവിനു കാരണമാകുന്നത്. ഇക്കൊല്ലം ഇഞ്ചിമേഖല നേരിടുന്ന പ്രശ്നവും ഇതുതന്നെ. വര്‍ഷാദ്യം ചാക്കിന് 10,000 രൂപയിലധികം വിലയുണ്ടായിരുന്ന ഇഞ്ചിക്ക് ഇപ്പോള്‍ ലഭിക്കുന്നത് 1500 രൂപമാത്രവും. തമിഴ് നാട്ടിലെ സേലം, പൊള്ളാച്ചി തുടങ്ങിയ ഭാഗങ്ങളില്‍ വിളവെടുപ്പ് സജീവമാകുന്നതോടെ നേന്ത്രക്കായ വിലകുറയുമെന്നു പറയുന്നു. വയനാട്ടില്‍ കൃഷി തീരെയില്ലാത്തതിനാല്‍ അന്യസംസ്ഥാന ഉല്‍പന്നത്തെ ആശ്രയിക്കേണ്ട അവസ്ഥയാകുമെന്ന് വ്യാപാരികള്‍ പറയുന്നു.