Listen live radio
സുല്‍ത്താന്‍ ബത്തേരി : വനം വകുപ്പ് ഭൂമിയിലെ ലീസ് കര്‍ഷകരുടെ ലീസവകാശം പുനസ്ഥാപിക്കാന്‍ മന്ത്രി തല തീരുമാനം. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ ഒക്ടോബര്‍ 11 ലെ നിയമസഭാ സബ്മിഷനെ തുടര്‍ന്ന് റവന്യൂ മന്ത്രി കെ രാജന്‍ തിരുവനന്തപുരത്ത് നിയമ സഭാ മന്ദിരത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ജില്ലയിലെ 1200 ലധികം കുടുംബങ്ങള്‍ക്ക് ആശ്വാസകരമായ തീരുമാനം ഉണ്ടായത്. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ,പട്ടിക വര്‍ഗ വകുപ്പ് മന്ത്രി ഒ ആര്‍ കേളു, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ലയിലെ ജനപ്രതിനിധികളുടെയും സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് സുപ്രധാന തീരുമാനം ഉണ്ടായത്. കഴിഞ്ഞ 20 വര്‍ഷമായി വനം വകുപ്പിന്റെ നിയന്ത്രണങ്ങളെ തുടര്‍ന്ന് യാതൊരു അവകാശവും ഇല്ലാതെ ലീസ് ഭൂമികളില്‍ താമസിച്ച കര്‍ഷകര്‍ക്ക് ഇതോടെ ഭൂമിക്കുമേല്‍ അവകാശം പുനസ്ഥാപിക്കപ്പെടുകയാണ്.
രണ്ടാം ലോക മഹായുദ്ധ കാലത്തെ അതിരൂക്ഷമായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി നടപ്പിലാക്കിയ ഗ്രോ മോര്‍ ഫുഡ് പദ്ധതിയുടെ ഭാഗമായാണ് വനം വകുപ്പ് ഭൂമികള്‍ ലീസ് വ്യവസ്ഥയില്‍ വയനാട്ടിലെ വിവിധയിടങ്ങളില്‍ അനുവദിച്ചത്. 1882ലെ മദ്രാസ് ഫോറസ്റ്റ് ആക്ട് പ്രകാരം സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ നൂല്‍പ്പുഴ, കിടങ്ങനാട്, പുല്‍പ്പള്ളി, നടവയല്‍,മാനന്തവാടി താലൂക്കില്‍ തിരുനെല്ലി വില്ലേജിലുമാണ് 385.8963 ഹെക്ടര്‍ ലീസ് ഭൂമികള്‍ ഉള്ളത്. 2003 ല്‍ വനം വകുപ്പ് ഈ ഭൂമികളില്‍ അവകാശം ഉന്നയിച്ച് വനാതിര്‍ത്തിയായി പ്രഖ്യാപിച്ച് കൃഷിയിടങ്ങളിലും പുരയിടങ്ങളിലും ജണ്ടകള്‍ സ്ഥാപിച്ചു. തുടര്‍ന്ന് ഇവിടുത്തെ കര്‍ഷകര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും വിവിധ വകുപ്പുകള്‍ നാളിതു വരെ നിഷേധിച്ചു വരുകയായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി ലീസ് കര്‍ഷകരും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തിവന്ന പോരാട്ടങ്ങള്‍ക്കാണ് ഇതോടെ അവസാനമായത്.2003 ലെ സ്റ്റാറ്റസ്‌കോ നിലനിര്‍ത്തുക, കാര്‍ഷിക അവകാശങ്ങള്‍ പുനസ്ഥാപിക്കുക, ഇത് വരെ ലീസ് ഭൂമികളില്‍ വന്യമൃഗ ശല്യം കൊണ്ടും കാലാവസ്ഥ വ്യതിയാനം കൊണ്ടും ഉണ്ടായിട്ടുള്ള നഷ്ടങ്ങള്‍ക്ക് സമയബന്ധിതമായി മറ്റ് ഭൂമികള്‍ക്ക് സമാനമായി നഷ്ടപരിഹാരം നല്‍കുക.പട്ടയം അനുവദിക്കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുക, പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ട് സ്ഥലം മാറിയിട്ടും പണം ലഭിക്കാത്തവര്‍ക്ക് അടിയന്തിരമായി പണം ലഭ്യമാക്കുക, പുതിയ സ്ഥലങ്ങള്‍ കണ്ടെത്തി സാധ്യമായവരെ പുനരധിവസിപ്പിക്കുക, ഇതുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നടത്തിയ സമരങ്ങളിലടക്കം എടുത്തിരിക്കുന്ന കേസുകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുഭാവപൂര്‍ണമായ നടപടികള്‍ ഉണ്ടാവുക തുടങ്ങിയ ആവശ്യങ്ങളും യോഗം അംഗീകരിച്ചു.പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍, നെന്മേനി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല കുമാരി,സ്ഥിരം സമിതി അധ്യക്ഷ റുഖിയ സൈനബ,നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തംഗങ്ങളായ എം എ ദിനേശന്‍, ജയ ചന്ദ്രന്‍ വള്ളുവാടി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.