Listen live radio
കല്‍പ്പറ്റ: ചുണ്ടേലില്‍ ഥാര്‍ ജീപ്പിടിച്ച്ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്‍മാരായ പ്രതികളെ വയനാട് പോലീസ് അറസ്റ്റ് ചെയ്തു. ഥാര്‍ ജീപ്പ് ഓടിച്ചനിലമ്പൂര്‍, കാഞ്ഞിരത്തിങ്കല്‍, കോഴിക്കറാട്ടില്‍ വീട്ടില്‍ സുമിന്‍ഷാദ്(24), സഹോദരന്‍ അജിന്‍ഷാദ്(20) എന്നിവരെയാണ് കല്‍പ്പറ്റ ഡി.വൈ.എസ്.പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതികളെ പിടികുടാന്‍ പോലീസിനായി. സി.സി.ടി.വി ദൃശ്യങ്ങളുടെയും സൈബര്‍ സെല്ലിന്റെയും സഹായത്തോടെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അപകടം കരുതികൂട്ടിയുള്ള കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ ചുണ്ടേല്‍ എസ്റ്റേറ്റ് റോഡില്‍ വെച്ചായിരുന്നു സംഭവം. ചുണ്ടേല്‍, കാപ്പംകുന്ന് സ്വദേശി കുന്നത്ത് പീടിയേക്കല്‍ നവാസ് (43) ആണ് കൊല്ലപ്പെട്ടത്. നവാസിനോടുള്ള വ്യക്തി വൈരാഗ്യം മൂലമായിരുന്നു കൊലപാതകം. ഓട്ടോറിക്ഷയില്‍ നവാസ് കയറി പോകുന്ന കാര്യം സുജിന്‍ഷാദ് സഹോദരനായ സുമിന്‍ഷാദിനെ ഫോണില്‍ വിളിച്ചറിയിക്കുകയും റോഡരികില്‍ വാഹനത്തില്‍ കാത്തിരിക്കുകയായിരുന്ന സുമിന്‍ഷാദ് അമിത വേഗത്തിലെത്തി ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു. കുറച്ച് കാലമായി നവാസിനോട് പ്രതികള്‍ക്ക് വ്യക്തി വൈരാഗ്യമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഇവരുടെ ഹോട്ടലിന് മുന്നില്‍ ആഭിചാര ക്രിയ നടത്തിയത് നവാസാണെന്ന് ഉറപ്പിച്ചാണ് നവാസിനെ അപകടപ്പെടുത്താന്‍ പെട്ടെന്ന് ഇവര്‍ തീരുമാനിച്ചത്. കോഴിത്തലയില്‍ കൂടോത്രം ചെയ്യുന്ന സിസിടിവി ദൃശ്യം കണ്ടതിലാണ് പ്രതികള്‍ക്ക് നവാസിനോട് വൈരാഗ്യം കൂടാന്‍ കാരണമായത്. കൊലപാതകത്തില്‍ കൂടുതല്‍ ആളുകള്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്ന് സംബന്ധിച്ച് അന്വേഷണമുണ്ടാകും.