Listen live radio
വയനാടിന് അടിയന്തരമായി ധനസഹായം അനുവദിക്കണം:പ്രിയങ്ക ഗാന്ധി എം.പി; ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് അടിയന്തരമായി ധനസഹായം അടക്കമുള്ളവ അനുവദിക്കണമെന്നാവശ്യപ്പെട്ട് വയനാട് എം.പി. പ്രിയങ്ക ഗാന്ധി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ നിന്നുള്ള എം.പി.മാരോടൊപ്പമായിരുന്നു പ്രിയങ്ക ഗാന്ധി ആഭ്യന്തരമന്ത്രിയെ കണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചത്. ദുരന്തബാധിതര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും വീടും അടക്കമുള്ളവ അടിയന്തരമായി നിര്‍മ്മിച്ചു നല്‍കേണ്ടതിന്റെ പ്രാധാന്യം പ്രിയങ്ക ഗാന്ധി ആഭ്യന്തരമന്ത്രിയെ ബോധ്യപ്പെടുത്തി. ദുരിതാശ്വാസ, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ എത്രയും പെട്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. വയനാട്ടിലെ ദുരന്തബാധിതര്‍ സര്‍വ്വതും നഷ്ടപ്പെട്ടവരാണെന്നും കുടുംബത്തിലെ എല്ലാ അംഗങ്ങളെയും നഷ്ടപ്പെട്ട നിരവധി പേരാണ് ഉള്ളതെന്നും പ്രിയങ്ക ഗാന്ധി കുടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ചെറിയ കുട്ടികള്‍ക്ക് യാതൊരു സഹായ പരിരക്ഷയുമല്ല. ഇത്തരം സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യാതിരിക്കുന്നത് രാജ്യത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. പ്രധാനമന്ത്രി ദുരന്തബാധിതരെ സന്ദര്‍ശിച്ചതാണ്. പ്രധാനമന്ത്രി വന്നതിനാല്‍ തങ്ങള്‍ക്ക് ധനസഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവരുള്ളത്. ദുരന്തം നടന്നിട്ട് ഇപ്പോള്‍ നാലു മാസം പിന്നിട്ടു. എന്നാല്‍ ഇതുവരെ ഇരകള്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ദുരന്തബാധിതര്‍ കടന്നു പോകുന്ന ദുരിതങ്ങളും ബുദ്ധിമുട്ടുകളും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണം. രാഷ്ട്രീയത്തിന് അതീതമായി ഇതിനെ കൈകാര്യം ചെയ്യണം. അവര്‍ അനുഭവിക്കുന്ന ദുരിതം അളക്കാനാവാത്തതാണ്. കേന്ദ്രസര്‍ക്കാര്‍ ഇത് പ്രാധാന്യത്തോടെ കണക്കിലെടുക്കണം. ഞങ്ങള്‍ ഇതിനു വേണ്ടി ഇനിയും ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും പ്രിയങ്ക ഗാന്ധി എം.പി. പറഞ്ഞു.