Listen live radio
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം നേടി കല്‍പ്പറ്റ ജി.എം.ആര്‍.എസ്. നാല് ഇനങ്ങളിലായി ഇരുപത്തിയാറ് കുട്ടികള്‍ മത്സരിച്ചു. പണിയനൃത്തം, ഇരുളനൃത്തം, മിമിക്രി (എച്ച്.എസ്., എച്ച്.എസ്.എസ്.) എന്നിവയായിരുന്നു പ്രധാന മത്സരങ്ങള്‍. പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് ലഭിച്ചു.കുട്ടികളുടെ സര്‍ഗാത്മക ശേഷികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലനം നല്കുന്നതിനും പട്ടികവര്‍ഗ്ഗ വികസന വകുപ്പും പൊതുവിദ്യാഭ്യാസവകുപ്പും കൃത്യമായി ഇടപെടുന്നതിന്റെ തെളിവാണ് കുട്ടികളുടെ വിജയം. പ്രഥമ അധ്യാപകന്‍ സദന്‍ ടി.പി, സീനിയര്‍ സൂപ്രണ്ട് ധനലക്ഷമി എം. അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ കൂട്ടായ ശ്രമവും വിദ്യാര്‍ത്ഥികളുടെ വിജയത്തിനു പിന്നിലുണ്ട്.മിമിക്രി മത്സരത്തിന് തുടര്‍ച്ചയായി കഴിഞ്ഞ മൂന്നു വര്‍ഷവും സംസ്ഥാന തലത്തില്‍ ഏ ഗ്രേഡ് നേടുന്നതിന് സ്‌കൂളിന് കഴിഞ്ഞു.
പണിയസമുദായത്തിന്റെ ജീവിത സംസ്‌കാരത്തിന്റെ ഭാഗമായ പണിയനൃത്തം പരമ്പരാഗതമായ വസ്ത്രാഭരണങ്ങള്‍ (മുടചുള്‍, കുരിക്കല്ല, താലി കല്ല/പണതാലി) അണിഞ്ഞും വാദ്യോപകരണങ്ങള്‍ (തുടി, ചീനം, മണി) ഉപയോഗിച്ചുമാണ് അവതരിപ്പിച്ചത്. രതീശ് കല്ലൂരാണ് വിദ്യാര്‍ത്ഥിനികളെ പണിയ നൃത്തം പരിശീലിപ്പിച്ചത്.ഇരുളനൃത്തം അട്ടപ്പാടിയിലെ ഇരുളഗോത്ര വിഭാഗത്തിന്റെ തനതു കലാരൂപമാണ്.കുഴല്‍, കൈമണി, പൊറൈ, ധവില്‍ ജാലറൈ എന്നീ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ സ്വന്തം നിലയില്‍ പരിശീലനം നേടിയാണ് ഉപജില്ല മുതല്‍ സംസ്ഥാന കലോത്സവം വരെ എത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളായ അട്ടപ്പാടി സ്വദേശികളായ അജിത എ, ഷൈനി സി.എസ്. എന്നിവരാണ് ഇരുളനൃത്തത്തിന് നേതൃത്വവും പരിശീലനവും നല്കിയത്. ഇത്തവണ ഹയര്‍ സെക്കന്റി വിഭാഗത്തില്‍ നിന്ന് നന്ദന വി.എം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്ന് അഞ്ജലി സുരേഷ് എന്നീ വിദ്യാര്‍ത്ഥികളാണ് എ ഗ്രേഡ് നേടിയത്. ശബ്ദാനുകരണ കലയെ അറിവും അനുഭവവുമാക്കി മാറ്റുന്ന വ്യത്യസ്തമായ അവതരണ സമീപനം മിമിക്രിയില്‍ കൊണ്ടുവരാന്‍ ഇവര്‍ക്ക് സാധിച്ചു. പരിശീലകന്‍ റിനീഷ് കണ്ണൂരാണ്.