Listen live radio
വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയില്‍ പ്രതിചേര്‍ത്തതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവില്‍ എന്ന് സൂചന. ഇന്നലെ ഉച്ച മുതല്‍ നേതാക്കളുടെ ഫോണുകള്‍ സ്വിച്ച് ഓഫ്. പ്രതി ചേര്‍ത്തതിന് പിന്നാലെ സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍, വയനാട് ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരുടെ ഫോണുകളാണ് സ്വിച്ച് ഓഫ് ആയത്.ഐസി ബാലകൃഷ്ണന്‍ കര്‍ണാടകയിലും, കെ കെ ഗോപിനാഥ് തമിഴ്‌നാട്ടിലെന്നുമാണ് സൂചന. അറസ്റ്റ് ചെയ്യപ്പെടാതിരിക്കാന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടക്കുന്നതായും വിവരം. ഐ സി ബാലകൃഷ്ണന്‍, വയനാട് ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് പ്രതി ചേര്‍ത്തത്. എന്‍ എം വിജയന്റെ ആത്മഹത്യ കുറിപ്പില്‍ നാല് നേതാക്കളുടെ പേരാണ് പറയുന്നത്. ഇതില്‍ ഒരാള്‍ മരിച്ചിരുന്നു. ബാക്കി മൂന്ന് പേര്‍ക്കെതിരെയാണ് പൊലീസ് പ്രതി ചേര്‍ത്തത്.
എന്‍ എം വിജയന്റേയും മകന്റേയും മരണത്തില്‍ ഐ സി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുടുംബം ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. വിജയന്റെ സാമ്പത്തിക ബാധ്യതയ്ക്ക് പാര്‍ട്ടി തന്നെയാണ് ഉത്തരവാദിയെന്ന് മകന്‍ വിജേഷ് ആരോപിച്ചിരുന്നു. ആരോപണം തെളിഞ്ഞാല്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞിരുന്നു. ഐസി ബാലകൃഷ്ണനെതിരെ സിപിഐഎം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുകയാണ്. എംഎല്‍എ എത്രയും പെട്ടെന്ന് രാജിവയ്ക്കണമെന്നാണ് ആവശ്യം.