Listen live radio
മുണ്ടക്കൈ – ചൂരല്‍മല ദുരന്തം;കാണാതായവരുടെ ആശ്രിതര്‍ക്ക് ധനസഹായം ഉറപ്പാക്കാന്‍ പ്രാദേശിക സംസ്ഥാനതല സമിതി രൂപീകരിച്ചു

- Advertisement -
മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരുടെ ആശ്രിതര്‍ക്ക് ധനസഹായം ഉറപ്പാക്കാന്‍ സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രാദേശിക – സംസ്ഥാനതല സമിതികള്‍ രൂപീകരിച്ച് ഉത്തരവായി. വില്ലേജ് ഓഫീസര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായാണ് പ്രാദേശിക സമിതി രൂപീകരിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം) പ്രിന്‍സിപ്പല്‍ സെക്രട്ടറി (റവന്യൂ ആന്‍ഡ് ദുരന്തനിവാരണം) പ്രിന്‍സിപ്പല്‍ സെക്രട്ടറി (തദ്ദേശ സ്വയംഭരണ വകുപ്പ് ) എന്നിവര്‍ സംസ്ഥാന തല സമിതിയായും രൂപികരിച്ചു. ദുരന്തത്തില്‍ കാണാതായവരെ മരണപ്പെട്ടവരായി കണക്കാക്കുന്നതിന് കാണാതായവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ വിശദാംശങ്ങള്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്നും റവന്യൂ ഉദ്യോഗസ്ഥര്‍ നേരിട്ട് ശേഖരിക്കും. എഫ്‌ഐആര്‍ പരിശോധിച്ച് പ്രത്യേക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി കാണാതായ വ്യക്തിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല/കാണാതായിയെന്ന് രേഖപ്പെടുത്തും.
കാണാതായവരുടെ പട്ടിക തയ്യാറാക്കുകയാണ് പ്രാദേശികതല സമിതിയുടെ ചുമതല. പ്രാദേശിക തല സമിതി തയ്യാറാക്കിയ പട്ടിക ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് സമര്‍പ്പിക്കുകയും ജില്ലാ ദുരന്തനിവാരണ അതോറിറ്റി പട്ടിക പരിശോധിച്ച് വ്യക്തമായ ശുപാര്‍ശയോടെ സംസ്ഥാനതല സമിതിക്ക് സമര്‍പ്പിക്കും. സംസ്ഥാനതല സമിതി പട്ടിക സൂക്ഷ്മ പരിശോധന നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പട്ടികയിലുള്‍പ്പെട്ട കാണാതായവരെ മരണപ്പെട്ടവരായി കണക്കാക്കി അടുത്ത ബന്ധുക്കള്‍ക്ക് ധനസഹായം അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കും. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ എക്‌സ്‌ഗ്രേഷ ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും കാണാതായവരുടെ ആശ്രിതര്‍ക്കും അടിയന്തരമായി അനുവദിക്കുന്നതിനാണ് പട്ടിക തയ്യാറാക്കുന്നത്. പട്ടിക മാനദണ്ഡമാക്കി സംസ്ഥാനതല സമിതിയുടെ ശുപാര്‍ശ പരിഗണിച്ച് കാണാതായവര്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനും നടപടി സ്വീകരിക്കും. ദുരന്തത്തില്‍ കാണാതായ വ്യക്തിയെ സംബന്ധിച്ച റിപ്പോര്‍ട്ട് /പ്രഥമ വിവരം കാണാതായ വ്യക്തിയുടെ അടുത്ത ബന്ധു അതത് പരിധിയിലെ പോലീസ് സ്റ്റേഷനില്‍ ഫയല്‍ ചെയ്യണം. വ്യക്തിയെ കാണാതായത് മറ്റൊരു സ്ഥലത്താണെങ്കില്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറണം. വ്യക്തിയെ കാണാതായത് സംബന്ധിച്ച് ബന്ധു നല്‍കിയതും നോട്ടറി പബ്ലിക് സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സ്ഥിര രേഖയായി സൂക്ഷിക്കണം. കാണാതായ വ്യക്തിയുടെ പ്രഥമ വിവരങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് ദുരന്തം നടന്ന സ്ഥലത്തെ ചുമതലയുള്ള ഉദ്യോഗസ്ഥന് (തഹസില്‍ദാര്‍ /സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്) പോലീസിന്റെ റിപ്പോര്‍ട്ടും റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, തിരിച്ചറിയല്‍ രേഖകള്‍ സഹിതം അയച്ചു നല്‍കണം. കാണാതായ വ്യക്തിയെ സംബന്ധിച്ച് തഹസില്‍ദാര്‍ ,സബ് ഡിവിഷനില്‍ മജിസ്‌ട്രേറ്റ് വിശദമായ അന്വേഷണം നടത്തും. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ / സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് കാണാതായ വ്യക്തി മരണപ്പെട്ടതായി കണക്കാക്കി താത്ക്കാലിക ഉത്തരവ് പുറപ്പെടുവിക്കും. കാണാതായ വ്യക്തികള്‍ മരണപ്പെട്ടതായി പ്രഖ്യാപിക്കുന്നതിന് താത്ക്കാലിക പട്ടിക തയ്യാറാക്കി ദിനപത്രം, ഔദ്യോഗിക ഗസറ്റ്, സര്‍ക്കാര്‍ വെബ് സൈറ്റികളില്‍ ആക്ഷേപ അഭിപ്രായങ്ങള്‍ കാണിച്ച് മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കും. പട്ടിക പ്രസിദ്ധീകരിച്ച 30 ദിവസത്തിനകം ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. നിശ്ചിത സമയ പരിധിക്കകം ആക്ഷേപ അഭിപ്രായങ്ങള്‍ ലഭിച്ചിട്ടില്ലെങ്കില്‍ ബന്ധപ്പെട്ട വ്യക്തിയുടെ മരണ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് വിശദവിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഉത്തരവ് തഹസില്‍ദാര്‍ /സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് ജനന- മരണ രജിസ്ട്രാര്‍ക്ക് നല്‍കുകയും ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രാര്‍ മരണം രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് അനുവദിക്കണം. മരിച്ചയാളുടെ അടുത്ത ബന്ധുവിന് മരണ സര്‍ട്ടിഫിക്കറ്റ് സൗജന്യമായി നല്‍കണം. പ്രഥമ വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്ത പോലീസ് സ്റ്റേഷനിലേക്കും മരണ സര്‍ട്ടിഫിക്കറ്റ് അയച്ചു നല്‍കണം. ആക്ഷേപങ്ങള്‍ ലഭിക്കുന്ന കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന തഹസില്‍ദാര്‍ / സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് തൊട്ടു മുകളിലുള്ള ഉദ്യോഗസ്ഥന്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സംബന്ധിച്ച കാര്യ കാരണങ്ങള്‍ സഹിതമുള്ള വിശദമായ ഉത്തരവ് തഹസില്‍ദാര്‍ / സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് അയച്ചു കൊടുക്കണം. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മരണ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത് ഉത്തരവ് നല്‍കുകയോ, അപേക്ഷ നിരസിക്കുകയോ ചെയ്യണം. ദുരന്ത സമയത്ത് ദുരന്തബാധിത ഗ്രാമങ്ങളില്‍ അകപ്പെട്ട മറ്റു ജില്ലകളിലെ താമസക്കാര്‍, വിവിധ സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാരികളെ സംബന്ധിച്ചുള്ള നടപടികളില്‍ കാണാതായതും മരിച്ചതായി കരുതുന്ന വ്യക്തിയുടെ അടുത്ത ബന്ധുക്കളോ കാണാതായ വ്യക്തിയെ സംബന്ധിച്ച പ്രഥമ റിപ്പോര്‍ട്ട് എഫ്‌ഐആര്‍ സമര്‍പ്പിക്കണം. എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെങ്കില്‍ കാണാതായ വ്യക്തിയുടെ സ്വന്തം ജില്ലയിലെ, സംസ്ഥാനത്തെ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്ക് അന്വേഷണം കൈമാറി രജിസ്‌ട്രേഷനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.