സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ അന്യമാവുന്ന കാവുകളുടെ സംരക്ഷണം ലക്ഷ്യമാക്കി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ പനങ്കണ്ടി കാവില്‍ നടപ്പാക്കുന്ന കാവിനൊരു കാവല്‍ ജൈവവൈവിധ്യ ആവാസ സംരക്ഷണ പദ്ധതി ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാവും കുളവും സംരക്ഷിച്ച് വംശനാശ ഭീഷണി നേരിടുന്ന പക്ഷിമൃഗാദികള്‍, സസ്യങ്ങള്‍ എന്നിവക്ക് ആവാസ വ്യവസ്ഥയൊരുക്കുകയാണ് പദ്ധതി ലക്ഷ്യം. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പരിധിയിലെ ഒമ്പത്, പത്ത് വാര്‍ഡുകളിലെ രണ്ട് കാവുകളാണ് പദ്ധതിക്ക് തെരഞ്ഞെടുത്തത്. വരും വര്‍ഷങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ തനത് ഫണ്ട് വകയിരുത്തി അതത് പഞ്ചായത്ത് പരിധിയിലെ കാവുകള്‍ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് ടി.സിദ്ദീഖ് എം.എല്‍.എ പറഞ്ഞു. ജൈവവൈവിധ്യത്തിന്റെ ചെറു മാതൃകകളാണ് കാവുകള്‍. പഞ്ചായത്ത് ബിഎംസിയും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂര്‍ഷ ചേനോത്ത് അധ്യക്ഷയായ പരിപാടിയില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സന്ധ്യ ലിഷു, വാര്‍ഡ് അംഗം നജീബ് കരണി, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.ആര്‍ ശ്രീരാജ്, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ടി.ജെ സജീവന്‍, വാര്‍ഡ് പ്രതിനിധികള്‍, പ്രദേശവാസികള്‍, ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, ബിഎംസി പ്രതിനിധികള്‍, ജൈവവൈവിധ്യ സംരക്ഷണം സംഘടനകള്‍ എന്നിവര്‍ പങ്കെടുത്തു.