കല്‍പറ്റ: ഇന്റര്‍നെറ്റ് സുരക്ഷാ ദിനചാരണത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, സൈബര്‍ പോലീസ്, കെഎസ്ഐടിഎം, ഐടി സെല്‍ എന്നിവയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇ- ഓഫിസ് മുഖേന രേഖകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രതയോടെയും ശ്രദ്ധയോടെയും ഡിജിറ്റല്‍ മേഖല ഉപയോഗിക്കണമെന്ന് ക്ലാസ് ഉദ്ഘാടനം ചെയ്ത് അസിസ്റ്റന്റ് കലക്ടര്‍ എസ്.ഗൗതംരാജ് പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ 2024 വര്‍ഷത്തില്‍ മാത്രം സംസ്ഥാനത്ത് 41425 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 768 കോടി രൂപ നഷ്ടപ്പെട്ടതായും സൈബര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എ.വി ജലീല്‍ അറിയിച്ചു.
നെറ്റ് ബാങ്കിങ് കുറ്റകൃത്യങ്ങളില്‍ അകപ്പെട്ട് നിരവധി പേര്‍ ആത്മഹത്യ ചെയ്ത സാഹചര്യമുണ്ടായിട്ടുണ്ടെന്നും വൈഫൈ പോലുള്ള ഫ്രീ ഇന്റര്‍നെറ്റ് സേവനങ്ങള്‍, ബസ്-റെയില്‍വേ സ്റ്റേഷനുകളില്‍ ലഭ്യമായിട്ടുള്ള ചാര്‍ജിങ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ ജാഗ്രതയുണ്ടാവണമെന്നും അദ്ദേഹം വ്യക്തമാക്കി.
സൈബര്‍ കുറ്റകൃത്യങ്ങളിലൂടെ പണം നഷ്ട്ടമായവര്‍ ആദ്യ ഒരു മണിക്കൂറിനകം 1930 എന്ന സൈബര്‍ ക്രൈം എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടണമെന്നും തുക കൈമാറിയവരുടെയും പണം നഷ്ടപ്പെട്ടവരുടെ ബാങ്ക് വിവരങ്ങള്‍, പണം കൈമാറിയ വിവരങ്ങള്‍ എന്നിവ അടിയന്തരമായി സൈബര്‍ പോലീസിന് കൈമാറിയാല്‍ തുക തടഞ്ഞുവെക്കാന്‍ സാധിക്കും. കോളേജ് വിദ്യാര്‍ഥികളുടെ പേരില്‍ ബാങ്ക് അക്കൗണ്ട്, സിം കാര്‍ഡ് എന്നിവ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന പ്രവണത കൂടുതലാണ്. ഇത്തരം സാധ്യത ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ മക്കളുടെ അക്കൗണ്ട് വിവരങ്ങള്‍, മൊബൈല്‍ സിം കാര്‍ഡുകളുടെ കൃത്യമായ വിവരങ്ങള്‍ മനസ്സിലാക്കണം. ആളുകളുടെ സൈക്കോളജി ഉപയോഗിച്ച് ഡിജിറ്റല്‍ ട്രാപ്പ് ചെയ്യുന്ന ചാരിറ്റി ട്രാപ്പ്, കാര്‍ഡിങ് സ്‌കാം, ഡിജിറ്റല്‍ അറസ്റ്റ് ലോ എന്‍ഫോഴ്സ്‌മെന്റ് സ്‌കാം തുടങ്ങി വിവിധതരത്തിലുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയില്‍ ഉദ്യോഗസ്ഥര്‍ക്ക് സൈബര്‍ പോലീസ് അവബോധം നല്‍കി. ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ അകപ്പെടാതെ ഉപയോക്താക്കള്‍ ജാഗ്രത പാലിക്കകണമെന്നും സൈബര്‍ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ ജസീം ഹാഫിസ്, എച്ച്.എസ് വി.കെ ഷാജി, കലക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.