വിജയ് ദേവരകൊണ്ട നായകനായെത്തുന്ന പുതിയ ചിത്രമാണ് കിങ്ഡം. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ. ഗൗതം തിന്നനുരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷൻ ത്രില്ലർ ചിത്രമായാണ് കിങ്ഡം പ്രേക്ഷകരിലേക്കെത്തുക. വിജയ് ദേവരകൊണ്ടയുടെ കരിയറിലെ 12-ാമത്തെ ചിത്രം കൂടിയാണിത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനമൊരുക്കിയിരിക്കുന്നത്.
ശ്രീകര സ്റ്റുഡിയോസ്, സിതാര എന്റർടെയ്ൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിലാണ് ചിത്രം പ്രദർശനത്തിനെത്തുക. ഭാഗ്യശ്രീ ബോർസെ ആണ് ചിത്രത്തിൽ നായികയായെത്തുക. നവീൻ നൂലിയാണ് എഡിറ്റിങ് നിർവഹിക്കുന്നത്. ജേഴ്സി എന്ന ചിത്രത്തിന് ശേഷം ഗൗതം തിന്നനുരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ്ഡം. ചിത്രത്തിലെ വിജയ് ദേവരകൊണ്ടയുടെ ലുക്കും ശ്രദ്ധ നേടിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിജയ്‌യുടെ ചിത്രങ്ങളൊന്നും തിയറ്ററിൽ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നില്ല. ഈ സിനിമയിലൂടെ നടൻ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ചിത്രത്തിന്റെ തെലുങ്ക് ടീസറിൽ ജൂനിയർ എൻടിആറും തമിഴ് വേർഷനിൽ സൂര്യയുമാണ് വോയിസ്ഓവർ നൽകിയിരിക്കുന്നത്.സിനിമയ്ക്കായി വിജയ് നടത്തിയ കടുത്ത പരിശീലനങ്ങളുടെ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ‘ഐസ് ബാത്ത്’ അടക്കമുള്ള പരിശീലനമാണ് വിജയ് സിനിമയ്ക്കായി ചെയ്തത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. മെയ് 30 നാണ് ചിത്രം തിയറ്ററുകളിലെത്തുക.