ജില്ലയില്‍ തുടര്‍ച്ചയായുള്ള വന്യമൃഗ ആക്രമണങ്ങള്‍ക്ക് ശശാശ്വത പരിഹാരം കാണണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തുടര്‍ച്ചയായി രണ്ടുദിവസങ്ങളില്‍ രണ്ടുപേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഞെട്ടിക്കുന്നതാണ്. പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി യുവതി രാധയുടെ മരണത്തിന്റെ നടുക്കം മാറുംമുമ്പാണ് രണ്ട് ജീവന്‍കൂടി പൊലിഞ്ഞത്.വന്യമൃഗശല്യ പ്രതിരോധത്തിന് സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും മതിയാകുന്നില്ല. സംസ്ഥാനത്തിന് മാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ലിത്. വനം കണ്‍കറന്റ് ലിസ്റ്റിലാണ്. വന്യമൃഗപ്രതിരോധത്തിന് കേന്ദ്രസര്‍ക്കാരിന് വലിയ ഉത്തരവാദിത്വമുണ്ട്. ഇത് നിര്‍വഹിക്കാന്‍ തയ്യാറാകണം.
വന്യമൃശല്യം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് ബജറ്റിന് തൊട്ടുമുമ്പ് നല്‍കിയ ആയിരം കോടിയുടെ പാക്കേജ് നിഷ്‌കരുണം തള്ളി. നയാപൈസ കേന്ദ്രബജറ്റില്‍ അനുവദിച്ചില്ല. ഇതിന് മുമ്പ് നല്‍കിയ 620 കോടി രൂപയുടെ പദ്ധതിക്കും അനുമതി നല്‍കിയില്ല.
പ്രശ്നത്തിന് ശാശ്വത പരിഹാരത്തിന് ആദ്യം വേണ്ടത് 1972ലെ കേന്ദ്ര വനംവന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുകയാണ്. നാട്ടിലിറങ്ങുന്ന മൃഗങ്ങളെ പിടികൂടാനും മനുഷ്യജീവന്‍ എടുക്കുന്നവയെ ഉന്‍മൂലനം ചെയ്യാനുമുള്ള അധികാരങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഡിഎഫ്ഒമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ക്കും നല്‍കണം.
സംസ്ഥാനത്തിന്റെ പ്രധാന ആവശ്യമായിരുന്നിട്ടും പാര്‍ലല്‍മെന്റില്‍ നിയമഭേദഗതിക്കായി വയനാട് എംപിയായിരുന്ന രാഹുല്‍ഗാന്ധി ഒന്നും ചെയ്തില്ല. ഇപ്പോഴത്തെ എംപി പ്രിയങ്കയും ഇതേ പാതയിലാണ്. ഇവര്‍ നിലപാട് തിരുത്തണം. കേരളത്തിന് അര്‍ഹമായ അവകാശങ്ങള്‍ക്കായി ഇടപെടണം. വന്യമൃഗപ്രതിരോധത്തിന് എംപി ഫണ്ട് ഉള്‍പ്പെടെയുള്ളവ വിനിയോഗിക്കാവുന്നതാണ്. എന്നാല്‍ ആനിലയിലുള്ള നടപടികളുമില്ല. വന്യമൃഗശല്യ പ്രതിരോധത്തിന് യോജിച്ച സമരങ്ങളാണ് വേണ്ടത്. യുഡിഎഫ് രാഷ്ട്രീയ പ്രേരിത ഹര്‍ത്താല്‍ നടത്തി കേന്ദ്രസര്‍ക്കാരിനെയും വയനാട് എംപി പ്രിയങ്കയെയും സംരക്ഷിക്കുകയാണ്. കേന്ദ്ര അവഗണനയില്‍ ഇവര്‍ നിലപാട് വ്യക്തമാക്കണം.വന്യമൃഗാ ആക്രമണ പരിഹാരത്തിന് സഹകരിക്കുന്ന എല്ലാവരെയും കൂട്ടിയോജിപ്പിച്ച് സിപിഐ എം വലിയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.