നിർമാതാവ് ജി സുരേഷ് കുമാറിനെതിരെ നടൻ വിനായകൻ നടത്തിയ പ്രസ്താവനയിൽ പ്രതികരണവുമായി നിർമാതാവ് സിയാദ് കോക്കർ രംഗത്ത്. ആരോട് എന്ത് പറയണം എന്ന് വിനായകൻ പഠിപ്പിക്കേണ്ട എന്നാണ് സിയാദ് കോക്കർ ഫെയ്സ്ബുക്കിൽ കുറിച്ചത്. തുണി പൊക്കി നാട്ടുകാരെ കാണിക്കുന്നതും അശ്ലീലം പറയുന്നതും അല്ല സിനിമാ നിർമാണമെന്നും സിയാദ് കോക്കർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഭിനേതാക്കൾ സിനിമ നിർമിക്കുന്നതിനെതിരെ സുരേഷ് കുമാർ വിമർശനം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് സുരേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി വിനായകൻ രംഗത്തെത്തിയത്. “സിനിമ തൻ്റെയും തൻ്റെ കൂടെ നിൽക്കുന്നവരുടേയും കുടുംബ സ്വത്താണോ മേനക സുരേഷ് കുമാറേ.
അഭിനേതാക്കൾ സിനിമ നിർമിക്കണ്ട എന്ന് തൻ്റെ ഭാര്യയോടും മകളോടും പോയി പറഞ്ഞാ മതി. ഞാൻ ഒരു സിനിമ നടനാണ്. ഞാൻ സിനിമ നിർമിക്കുകയും ഡയറക്ട് ചെയ്യുകയും ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യും. ഇത് ഇന്ത്യയാണ്. ജയ്‌ഹിന്ദ്.”- എന്നായിരുന്നു വിനായകൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.
സിയാദ് കോക്കറിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
എത്രയും പ്രിയപ്പെട്ട വിനായകൻ സർ അറിയുവാൻ
സുരേഷ്‌കുമാർ ഒറ്റക്കല്ല.. ഞങ്ങൾ ഒറ്റകെട്ടായി കൂടെ തന്നെ ഉണ്ട്. സോഷ്യൽ മീഡിയയിൽ വരുന്ന ട്രോൾ കണ്ട് ഭയക്കുന്നവരല്ല ഞങ്ങൾ. ആരോട് എന്ത് പറയണം എന്ന് താൻ പഠിപ്പിക്കണ്ട വിനായക… തുണി പൊക്കി നാട്ടുകാരെ കാണിക്കുന്നതും അശ്ലീലം പറയുന്നതും അല്ല സിനിമാ നിർമാണം.
താൻ ഒരു സിനിമ എടുത്ത് കാണിക്ക്. എന്നിട്ട് നിങ്ങൾ വീമ്പിളിക്കു.. സിനിമയിൽ അഭിനയിക്കാനും പ്രൊഡക്ഷൻ ചെയ്യാനും പ്രായം ഒരു അളവുകോൽ ആണെങ്കിൽ ഇന്ന് മലയാള സിനിമയിൽ ആരൊക്കെ ഉണ്ടാകുമെന്ന് ഞാൻ പറയണ്ട കാര്യമില്ലല്ലോ…
Nb : പിന്നെ ഒരു കാര്യം സിനിമ വിജയിച്ചില്ലെങ്കിൽ പ്രേക്ഷകരെ തുണി പൊക്കി കാണിക്കരുതേ വിനായകാ