- Advertisement -

- Advertisement -

ഒരു മെയ്ദിനം കൂടി കടന്നു പോകുമ്പോൾ

- Advertisement -

ഒരു മെയ്ദിനം കൂടി കടന്നു പോകുന്നു. ഈ മെയ്ദിനം സാധാരണക്കാരായ , ദിവസ വേതനക്കാരായ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഏറെ വേദനകളാണ് സമ്മാനിക്കുന്നത്. ലോകത്തെവിടെയും അടച്ചു പൂട്ടലിന്റെയും തൊഴിൽ നഷ്ടങ്ങളുടെയും ഭീതിപ്പെടുത്തുന്ന കണക്കുകൾ മാത്രം . സ്വദേശത്തേക്ക് തിരികെയെത്താനുള്ള പലായനങ്ങൾ…..
ഈ ലോക് ഡൗൺ ഇനിയും തുടർന്നാൽ…. വരുമാനത്തെ പകുത്തെടുക്കാൻ കഴുകൻ കണ്ണുകളുമായി നിൽക്കുന്ന കമ്പോളവും അതിൽ നിഷ്കളങ്കരായി ഈയാപാറ്റകളെ പോലെ വീണ് എന്തെങ്കിലും സമ്പാദിക്കുക എന്നത് സ്വപ്നം മാത്രമായി കൊണ്ടു നടക്കുന്നവരുമാണ് നാട്ടിലെ സാദാ പണിക്കാർ …
വരുമാനത്തിന്റെ വർദ്ധനക്കപ്പുറം അതിനെ നിർവീര്യമാക്കുന്ന വിലക്കയറ്റത്തിന്റെ സാമ്പത്തിക ശാസ്ത്രത്തിന് ഏറ്റവും കൂടുതൽ ഇരയാകുന്നവർ ….ഒരു വിവാഹം, കുറച്ച് മുതൽ മുടക്ക് വരുന്ന മക്കളുടെ വിദ്യാഭ്യാസം , ഒരു വീട് വക്കൽ, ഒരു മാറാരോഗം …. പിന്നെയവൻ വീട്ടാനാവാത്ത കടക്കാരനുമായിട്ടുണ്ടാവും… പലപ്പോഴും പുറത്തെ പകിട്ടിൽ യാത്ഥാർത്യം പുറമെ കാണാറില്ല …

കോവിഡ് 19 തൊഴിൽ രംഗത്ത വലിയ ശൂന്യതകൾ സൃഷ്ടിച്ചിരിക്കുന്നു.
ഒരു കർഷക കുടുംബത്തിലെ അംഗമെന്ന നിലയിൽ ദൈനംദിന കാർഷിക പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നെങ്കിലും സേവനത്തിൽ കയറിയതിനു ശേഷം അല്ലറ ചില്ലറ പങ്ക് കൃഷി ഒഴികെ അത്ര ശ്രദ്ധ പതിപ്പിച്ചിട്ടില്ല. തൊഴിലാളി ദിനത്തിലെ ലോക് ഡൗൺ സമയത്ത് തൊഴിലാളികളുടെ നിർവചനത്തിൽ പലപ്പോഴും നാം മറന്നു പോകുന്ന മറ്റൊരു വിഭാഗത്തെ കുറിച്ചാണ് ഇന്ന് ചിന്തിച്ചത്. ചെറുകിട കർഷകർ… രാവിലെ 5 മണിക്കാരംഭിക്കുന്നു അവരുടെ ദിനചര്യകൾ ..ഒന്നോ രണ്ടോ പശുക്കൾ .. പിന്നീട് നേരെ കാർഷിക വൃത്തിയിലേക്ക് … ലാഭനഷ്ട കണക്കുകൾ സൂക്ഷിക്കാതെ, കൃഷിയെ ഒരു ജീവിത ചര്യയായി കൊണ്ടു നടക്കുന്നവർ… ഋതുക്കളുടെ മാറ്റത്തിനനുസരിച്ച് തങ്ങളുടെ ജോലികൾക്ക് എന്തെങ്കിലും തടസം വന്നാൽ ഏറെ ആധി പൂണ്ട് നടക്കുന്നവർ. താൻ പഠിച്ചു വന്ന ,ജനിച്ചു വിണ ജോലിയോട് ആത്മാർത്ഥത പുലർത്തി മണ്ണിനെ വ്യഭിചരിക്കാത്ത, അമിത കീടനാശിനികളുമായി മണ്ണിന്റെ ഉർവരത നഷ്ട്ടപ്പെടുത്താത്ത യത്ഥാർത്ഥ കർഷകർ …. നിത്യവും തൊഴിലെടുക്കുന്ന അസംഘടിരായ അവരും തൊഴിലാളികളിലെ മുന്നണിയിൽ തന്നെ .

സമ്പദ് വ്യവസ്ഥയിലെ സിംഹഭാഗവും ഉദ്പാദിപ്പിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്ന സേവന, വ്യവസായ മേഖലകളിലെ സുസംഘടിത തൊഴിലാളികളോടൊപ്പം കാർഷിക മേഖലയിലെ തങ്ങളുടെ കുറഞ്ഞ വരുമാനത്തിനൊത്ത് ലളിത ജീവിതം നയിക്കുന്ന ചെറുകിട കർഷകരെ ഉൾപ്പെടുത്തി കാണാറില്ല. അൽപ്പമെങ്കിലും പ്രകൃതിയുടെ താളത്തിനൊത്ത് നാട്ടിൽ നെൽവയലുകളും പരമ്പരാഗത കൃഷിരീതികളും നീർചാലുകളും കുളങ്ങളും തണ്ണീർതടങ്ങളും നിലനിർത്തുന്നതും ഈ ചെറുകിട കർഷകർ തന്നെ.. ചെറുപ്പം മുതൽ അധ്യാനം നിർത്തുന്ന വരെ മുട്ടിനൊപ്പം ഒറ്റ തോർത്തു മുണ്ടും ബനിയനോ പഴകിയ ഷർട്ടോ ധരിച്ച് 6 മണി മുതൽ 6 മണി വരെ നീളുന്ന പരിഭവങ്ങളില്ലാത്ത, കണക്കു കൂട്ടലുകളിലാത്ത കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്ന അച്ഛനും കൂടെ ജോലി ചെയ്തിരുന്ന ധാരാളം സുഹൃത്തുക്കളും മണിക്കൂറുകളുടെ കണക്കെടുപ്പില്ലാതെ അസംഖ്യം വരുന്ന കൃഷിയെ ജീവിത ചര്യയായി കൊണ്ടു നടന്ന നാട്ടിലെ ഒട്ടനവധി കൃഷിക്കാരുമാണ് തൊഴിലാളി ദിനത്തിൽ എന്റെ ഓർമ്മയിൽ തിളങ്ങി നിൽക്കുന്നത് .അവർ വിടാതെ പിന്തുടർന്ന പച്ചപ്പിന്റെ വിലയിടാനാകാത്ത സമുദ്ധി കാലത്തേക്കാണ് ഈ പ്രതിസന്ധി കാലം തിരികെ നടക്കാൻ നന്മളോടാവശ്യപ്പെടുന്നത് …

നിത്യവും അധ്യാനിക്കുന്നവരാണ് തൊഴിലാളിയെങ്കിൽ ചെറുകിട കർഷകർ എന്ന അസംഘടിത തൊഴിലാളികളെ ഓർത്തെടുത്തു കൊണ്ട് വരും കാലവറുതി കാലത്തെ നേരിടാൻ വംശം നാശം സംഭവിക്കാൻ അൽപ്പം മാത്രം ബാക്കിയുള്ള അവരുടെ പാത പിന്തുടരാൻ നമുക്ക് തയ്യാറാവാം .ലാഭനഷ്ട കണക്കുകളുടെ കളങ്ങൾ സന്തോഷം പകരില്ലെങ്കിലും ഭക്ഷ്യ സുരക്ഷ നമുക്കുറപ്പാക്കാം … സുരക്ഷിതമായ ഭക്ഷണവും … ഏവർക്കും തൊഴിലാളി ദിനാശംസകൾ..

എഴുത്ത്
സുമേഷ് എ.കെ. പോരൂർ

- Advertisement -

Leave A Reply

Your email address will not be published.