- Advertisement -

- Advertisement -

കോവിഡ് വ്യാപനം: ഊട്ടി വിനോദസഞ്ചാരമേഖല വീണ്ടും ആശങ്കയിൽ

2nd banner for home

- Advertisement -

ഊട്ടി: 2020 മാർച്ച്‌ അവസാനവാരംമുതൽ നിശ്ചലമായ ഊട്ടി വിനോദസഞ്ചാരമേഖല ഈ ജനുവരിയോടെ ഉയിർത്തെഴുന്നേൽപ്പിന്റെ സൂചനകൾ കാണിച്ചെങ്കിലും വീണ്ടും ആശങ്കയുടെ നാളുകളാണ് വരുന്നത്. വീണ്ടും കോവിഡ് വ്യാപിക്കുന്നതാണ് ഭീഷണിയായത്. വിനോദസഞ്ചാരമേഖലയും ഹോട്ടൽ, ലോഡ്ജ് തുടങ്ങി സഞ്ചാരികളെ ആശ്രയിച്ചു കഴിയുന്നവരും ഏറെ ആശങ്കയിലാണ്. ഇനിയൊരു അടച്ചുപൂട്ടലോ കർശന നിയന്ത്രണങ്ങളോ ഈ മേഖലയെ വൻ തകർച്ചയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ.

വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം സീസണുവേണ്ടി ഒരുക്കം നടത്തിവരികയായിരുന്നു. സസ്യോദ്യാനത്തിൽ പുഷ്പമേളയ്ക്കുവേണ്ടി 35,000 ചട്ടികളിൽ ചെടികൾ നട്ട്‌ പരിപാലിച്ചുവരികയാണ്. മേയ് മൂന്നാംവാരമാണ് സാധാരണ പുഷ്പമേള നടത്താറുള്ളത്.

- Advertisement -

സഞ്ചാരികളുണ്ടെങ്കിലേ ഊട്ടി ഉണരുകയുള്ളൂ. സഞ്ചാരികളെ ആശ്രയിച്ച് പതിനായിരക്കണക്കിനുപേരാണ് ഉപജീവനം നടത്തുന്നത്. ഇതിൽ പകുതിയും മലയാളികളാണ്. കഴിഞ്ഞവർഷത്തെ അടച്ചുപൂട്ടൽ ഇവരുടെ സാമ്പത്തിക അടിത്തറ ഇളക്കിയിരുന്നു. പലരും കടക്കെണിയിലായി. ഈവർഷത്തെ സീസണിൽ കരകയറാം എന്ന പ്രതീക്ഷയും കോവിഡിന്റെ രണ്ടാംവരവിൽ ഇല്ലാതാവുകയാണ്.

നീലഗിരിയിലേക്ക് മറുനാടുകളിൽനിന്നുള്ളവർക്ക് വരാൻ മാർച്ച്‌ രണ്ടാംവാരത്തോടുകൂടി ഇ-പാസ് നിർബന്ധമാക്കിയിരുന്നു. ഇതുകാരണം കേരള, കർണാടക സംസ്ഥാനങ്ങളിൽനിന്നുമുള്ള സഞ്ചാരികൾ കുറഞ്ഞു. ഈസ്റ്റർ അവധി ദിവസങ്ങളിലും സഞ്ചാരികളുടെ എണ്ണം കുറവായിരുന്നു. ഏപ്രിൽ രണ്ടാംവാരത്തിനുശേഷം രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും കൂടുതൽ അളവിൽ ആയിരിക്കുമെന്ന മുന്നറിയിപ്പ് ആശങ്ക കൂട്ടിയിരിക്കയാണ്.ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന കാലമാണ് ഏപ്രിൽ, മേയ് സീസൺ. വർഷന്തോറും 30ലക്ഷത്തിൽപ്പരം സഞ്ചാരികളാണ് ഊട്ടിയിൽ എത്താറുള്ളത്. കഴിഞ്ഞവർഷം ഒന്നുമില്ലാതെയായി. ഇൗ വർഷവും അതേ അവസ്ഥവന്നാൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ പ്രതിദിനം പതിനായിരത്തിൽക്കൂടുതൽ സഞ്ചാരികളെത്താറുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ ഇരട്ടിയാകും. എന്നാൽ, ഇപ്പോൾ മൂവായിരത്തിൽക്കുറവ് പേർ മാത്രമാണ് വരുന്നത്.

ഊട്ടി, കൂനൂർ, ഗൂഡല്ലൂർ ഭാഗങ്ങളിലായി 4,000 ത്തോളം ലോഡ്ജുകളും കോട്ടേജുകളും അത്രതന്നെ ഹോട്ടലുകളും സഞ്ചാരികളെ ആശ്രയിച്ച് പ്രവർത്തിക്കുന്നുണ്ട്. ഈ മേഖലയെല്ലാം കോവിഡ് ഭീതിയുടെ മുൾമുനയിലാണ്.

- Advertisement -

Leave A Reply

Your email address will not be published.