- Advertisement -
ന്യൂഡൽഹി∙ 2021ൽ ഫോബ്സ് മാഗസിൻ തിരഞ്ഞെടുത്ത 10 അതിസമ്പന്ന ഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി. 84.5 ബില്യൺ യുഎസ് ഡോളറാണ് അംബാനിയുടെ ആസ്തി. അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനിയും എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാറുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
- Advertisement -
ഫോബ്സിന്റെ കണക്കു പ്രകാരം ഇവർ മൂവരുടെയും ആസ്തി 100 ബില്യൺ ഡോളറിന് മുകളിൽ വരും. കഴിഞ്ഞ വർഷത്തെ പട്ടികയിൽ 102 ഇന്ത്യക്കാരാണ് ഇടം പിടിച്ചിരുന്നതെങ്കിൽ ഇത്തവണ അത് 140 ആയി ഉയർന്നെന്ന് ഫോബ്സ് അറിയിച്ചു. ഇവരുടെയെല്ലാം ധനസമ്പത്ത് ചേർത്താൽ ഏതാണ്ട് 590 ബില്യൺ ഡോളറിന്റെ മൂല്യമുണ്ടാകും, അത് കഴിഞ്ഞ വർഷത്തേക്കാൾ രണ്ടിരട്ടിയാണ്.
ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നനായ വ്യക്തിയായ മുകേഷ് അംബാനി തന്റെ എണ്ണ, വാതക സാമ്രാജ്യങ്ങൾ വിപുലീകരിക്കുകയും ടെലികോം, റീടെയിൽ മേഖലകളിലേക്ക് കാലെടുത്ത് വയ്ക്കുകയും ചെയ്താണ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിർത്തിയത്. രണ്ടാം സ്ഥാനത്തുള്ള പ്രമുഖ വ്യവസായിയായ ഗൗതം അദാനിയുടെ അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി എന്നീ കമ്പനികളുടെ ആസ്തി 42 ബില്യൺ ഡോളറാണ്. 2020 മുതൽ അദാനിയുടെ സമ്പത്ത് അഞ്ചിരട്ടിയായി വർധിച്ചെന്നാണ് ഫോബ്സ് പറയുന്നത്.
കോവിഡ് മഹാമാരിയെ തുടർന്ന് ആരോഗ്യമേഖലയിൽ നടത്തിയ നിക്ഷേപത്തിലൂടെ ഫോബ്സ് പട്ടികയിൽ ഇടം പിടിച്ച രണ്ടു സംരംഭകരുമുണ്ട്– സീറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി സൈറസ് പൂനാവാലയും സൺ ഫാർമസ്യൂട്ടിക്കൽസ് ഇൻഡസ്ട്രീസിന്റെ ദിലീപ് സാങ്വിയും. ലോകത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് വാക്സീൻ നിർമാതാക്കളാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട്. ഓക്സ്ഫഡുമായി ചേർന്ന് ഇവർ നിർമിച്ച കോവിഷീൽഡ് വാക്സീൻ യുഎന്നിന്റെ കോവാക്സ് പദ്ധതിയിലൂടെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. 12.7 ബില്യൺ ഡോളറാണ് പുനാവാലയുടെ ആസ്തി. ഇവർക്കു പുറമേ കുമാർ ബിർല, ഉദയ് കൊടാക്, ലക്ഷ്മി മിത്തൽ എന്നിവരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
- Advertisement -