സർക്കാരിന്റെ സ്വന്തം ബ്രാൻഡിയായ മിന്നൽ മാജിക് ഉടൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന മദ്യ ഉപഭോക്താക്കൾക്ക് നിരാശ. കൊട്ടിഘോഷിച്ച് രണ്ട് മാസം മുൻപ് നിര്‍മാണോദ്ഘാടന മാമാങ്കം നടന്നെങ്കിലും ഒരു കുപ്പി ബ്രാൻഡി പോലും വിപണിയിലെത്തിക്കാനായില്ല. അടിസ്ഥാന സൗകര്യം ഉറപ്പാക്കാതെ തട്ടിക്കൂട്ട് ഉദ്ഘാടനം നടത്തിയതിന് ശേഷമാണ് സ്പിരിറ്റും അനുബന്ധ മദ്യ നിർമാണ സാധനങ്ങളും എത്തിക്കാനുള്ള നെട്ടോട്ടം തുടരുന്നത്.ആഘോഷപൂർവം രണ്ട് മാസം മുൻപ് മേനോൻപാറയിൽ നടന്ന ഉദ്ഘാടനത്തില്‍ മിന്നൽ വേഗത്തിൽ മിന്നൽ മാജിക് ബ്രാൻഡി വിപണിയിൽ എത്തുമെന്നായിരുന്നു എക്സൈസ് മന്ത്രിയുടെ പ്രഖ്യാപനം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുൻപുള്ള തട്ടിക്കൂട്ട് ഉദ്‌ലാടനമായിരുന്നു അതെന്ന് രണ്ട് മാസം പിന്നിടുമ്പോൾ വ്യക്തമാവുകയാണ്. പ്ലാന്‍റ് പൂർണമായും പ്രവർത്തനക്ഷമമല്ല, മതിയായ ജീവനക്കാരില്ല. എന്തിനേറെപ്പറയുന്നു മദ്യം നിർമിക്കുന്നതിന് ആവശ്യമായ സ്‌പിരിറ്റ് പോലും ഇതുവരെ എത്തിച്ചിട്ടില്ല. അടിസ്ഥാന ഉൽപാദന സാമഗ്രികൾ യാതൊന്നും മേനോൻപാറയിലില്ല. എല്ലാം വൈകാതെ എത്തിക്കുമെന്ന് പ്ലാന്‍റിന്‍റെ ചുമതലക്കാരുടെ മറുപടി. മദ്യ നിർമാണത്തിനുള്ള വെള്ളം എവിടെ നിന്നായിരിക്കുമെന്ന സംശയത്തിനും പരിഹാരമില്ല. പ്ലാന്റ് പോലും പ്രവർത്തിച്ച് തുടങ്ങാത്ത ഇടത്ത് നിന്നും എങ്ങനെ ബ്രാൻഡി വിപണിയിലെത്തുമെന്ന് ചോദിച്ചാൽ ഉചിതമായ സമയത്തെന്ന് എക്സൈസ് മന്ത്രി വിശദീകരിക്കും. പുതിയ ബ്രാൻഡിയുടെ രുചി നോക്കാനുള്ള ആർത്തി കൊണ്ടല്ല. മിന്നൽ അടിച്ചാൽ മിന്നുമോ എന്ന കൗതുകത്തിന് അറുതി വരുത്താനാണ് കാത്തിരിപ്പെന്നാണ് മദ്യ ഉപഭോക്താക്കളുടെ നിലപാട്