ഷെയർ മാർക്കറ്റിൽ ലാഭം വാഗ്ദാനം ചെയ്ത് 38 ലക്ഷം തട്ടി; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

ഷെയര്‍ മാര്‍ക്കറ്റിൽ പണം നിക്ഷേപിച്ചാൽ വൻതുക ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് ഓൺലൈനിലൂടെ പരിയാരം കൈതപ്രം സ്വദേശിയുടെ 38 ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിയെ കണ്ണൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. ജയ്പുർ ജോദ്‌വാര കർധാനി പ്രൈം പ്രതാപ് സർക്കിളിൽ പ്ലോട്ട് 154ലെ കമലേഷാണ് (20) അറസ്റ്റിലായത്. പാണപ്പുഴ കൈതപ്രത്തെ നവരംഗം വീട്ടില്‍ യു. കുഞ്ഞിരാമന്‍റെ (61) പണമാണ് പ്രതി തട്ടിയെടുത്തത്.

ഒരാഴ്ചയോളം രാജസ്ഥാനിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ അന്വേഷണത്തിൽ പ്രതി അജ്മീറിന് സമീപത്തെ കിഷൻ ഗഞ്ചിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം പ്രദേശത്തെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പയ്യന്നൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ജെഫ്രീസ് വെല്‍ത്ത് മള്‍ട്ടിപ്ലിക്കേഷന്‍ സെന്‍റർ 134 എന്ന വാട്സാപ്പ് ഗ്രൂപ്പ് വഴി പരിചയപ്പെട്ട ജൂലിയ ജെഫിന്‍ എന്ന വ്യക്തി ജൂലിയ സ്റ്റെറിന്‍ എന്ന ആപ് ഡൗണ്‍ലോഡ് ചെയ്യിപ്പിച്ച് അതുവഴി നിര്‍ദേശിച്ച വിവിധ അക്കൗണ്ടുകളിലേക്ക് 2024 മേയ് ഒമ്പതുമുതല്‍ ജൂണ്‍ അഞ്ച് വരെയുള്ള കാലയളവിൽ പണം നിക്ഷേപിപ്പിക്കുകയായിരുന്നു. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതിനെ തുടർന്ന് 2024 സെപ്റ്റംബർ 16ന് കുഞ്ഞിരാമൻ പരിയാരം പൊലീസിൽ പരാതി നൽകി. റൂറൽ പൊലീസ് മേധാവി അനുജ് പലിവാളിന്‍റെ മേൽനോട്ടത്തിൽ അഡീഷണൽ എസ്പി കെ.എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Comments (0)
Add Comment