സാമ്പാറാണ് മണിയുടെ തുറുപ്പുചീട്ട്. ജയിലിലെ അടുക്കളയിൽ ആ കൈപ്പുണ്യം അറിഞ്ഞവരാരും മണിയെ ഒറ്റിയിട്ടില്ല. എന്നിട്ടും പൊലീസിന്റെ കണ്ണുകളിൽ 8 വർഷത്തിനു ശേഷം മണി പെട്ടു. കേരള, കർണാടക, തമിഴ്നാട് പൊലീസ് സേനകളുടെ പിടികിട്ടാപ്പുള്ളിയും കുപ്രസിദ്ധ മോഷ്ടാവുമായ സാമ്പാർ മണിയെന്ന ബിജീഷിനെ രാമപുരം പൊലീസ് കർണാടകയിലെ വിരാജ്പേട്ടയിൽ നിന്നാണ് കഴിഞ്ഞദിവസം പിടികൂടിയത്.
2017ൽ രാമപുരം ചിറയ്ക്കൽകാവ് ദേവീക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിത്തുറന്ന് തിരുവാഭരണത്തിലെ ഗോളകം മോഷണം നടത്തിയ കേസിലെ പ്രതിയാണ് വയനാട് സ്വദേശിയായ മണി.
വെടിയേറ്റിട്ടും മോഷണംരാമപുരം പൊലീസിന് സംശയകരമായ വിരലടയാളം ക്ഷേത്രത്തിൽനിന്ന് കിട്ടിയെങ്കിലും പ്രതിയിലേക്ക് എത്താൻ അതു മതിയാകുമായിരുന്നില്ല. വർഷങ്ങൾക്കു ശേഷം വിരലടയാളങ്ങൾ ഡിജിറ്റലായി ആർക്കൈവ് ചെയ്തു. തുടർന്നു നടത്തിയ പരിശോധനയിലാണ് ക്ഷേത്രമോഷണത്തിനു പിന്നിൽ മണിയാണെന്നു തിരിച്ചറിഞ്ഞത്. മണിയെത്തേടി എത്തിയ രാമപുരം ഇൻസ്പെക്ടർ കെ.അഭിലാഷ് കുമാർ, എസ്ഐ അനിൽകുമാർ, സിപിഒമാരായ വിനീത് ശ്യാം മോഹൻ എന്നിവർക്കു മുൻപിൽ തമിഴ്നാട് പൊലീസ് മറ്റൊരു കഥ പറഞ്ഞു. തങ്ങളുടെ വെടിയേറ്റിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട മണിയുടെ കഥ.
പ്ലാനിങ്ങിൽ മിടുക്കൻ.വിവിധ ഭാഷകൾ അനായാസേന സംസാരിക്കുന്ന മണി 3 ആഴ്ചയിൽ കൂടുതൽ തുടർച്ചയായി ഒരു സംസ്ഥാനത്തും തങ്ങാറില്ല. ഊട്ടിയിൽ വിദേശമദ്യഷോപ്പിൽ മോഷണം നടത്തുന്നതിനിടെ പൊലീസുമായി വെടിവയ്പുണ്ടായി. അന്ന് വെടിയേറ്റ് കാലിന്റെ സ്വാധീനശേഷി കുറഞ്ഞെങ്കിലും കാലിലെ മുറിവ് ഉണങ്ങിയപ്പോഴേക്കും ജാമ്യം കിട്ടി. അതോടെ മോഷണം തുടർന്നു. ഒരു സ്ഥലത്ത് എത്തിയാൽ അവിടെയുള്ള ക്ഷേത്രങ്ങളും പള്ളികളുമാണ് ലക്ഷ്യമിടുന്നത്. മോഷണമുതൽ ഇഷ്ടപ്പെട്ടാൽ ഏതു വിധേനയും എടുക്കും.