കാട്ടിക്കുളം: കാട്ടിക്കുളം-ബാവലി റൂട്ടിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ മൈസൂർ സ്വദേശി ആനന്ദ് (35) മരിച്ചു. ഇന്ന് വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. കൊട്ടിയൂർ ഉത്സവം കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം മടങ്ങുകയായിരുന്ന ആനന്ദ് സഞ്ചരിച്ച ബൈക്ക്, കാട്ടിക്കുളം ഭാഗത്തേക്ക് വരികയായിരുന്ന ഒരു സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
വളവ് തിരിഞ്ഞെത്തിയ ബൈക്ക് റോഡരികിലെ ചെറിയ വെള്ളക്കെട്ടിൽപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട് ബസ്സിനടിയിൽ അകപ്പെടുകയായിരുന്നുവെന്ന് ബസ്സിലെ ക്യാമറ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ ഉടൻതന്നെ കാട്ടിക്കുളത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ആനന്ദിനോടൊപ്പം ബൈക്കിലുണ്ടായിരുന്ന സഹയാത്രികൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.