തൂക്കു വേലി നിര്‍മ്മിച്ചു

പുല്‍പ്പള്ളി: വനം വകുപ്പിന്റെ മിഷന്‍ ഫെന്‍സിങിന്റെ ഭാഗമായി നെയ്കുപ്പ മുതല്‍ പാത്രമൂല വരെ രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ മൂന്നാം ഘട്ടമായി ജനകീയ പങ്കാളിത്തത്തോടെ താല്‍ക്കാലിക തൂക്കു വേലി നിര്‍മ്മിച്ചു. കക്കോടന്‍ ബ്ലോക്ക്, നെയ്കുപ്പ, പാത്രമൂല ഭാഗത്തുള്ള രൂക്ഷമായ വന്യജീവി ശല്യം നേരിടുന്ന കര്‍ഷകരും പ്രദേശ വാസികളും മുന്‍കൈ എടുത്താണ് വനം വകുപ്പിന്റെ നേതൃത്വത്തില്‍ നെയ്കുപ്പ വന സംരക്ഷണ സമിതിയുടെ സഹായത്തോടെ ഫെന്‍സിങ് പ്രവര്‍ത്തി പൂര്‍ത്തിയാക്കിയത്.

ആദ്യ ഘട്ടമായി കക്കോടന്‍ ബ്ലോക്ക് മുതല്‍ മണല്‍ വയല്‍ വരെ ഒന്നര കിലോമീറ്റര്‍ താല്‍ക്കാലിക ഫെന്‍സിങ് ഇത്തരത്തില്‍ നിര്‍മ്മിച്ചിരുന്നു. ആയത് പരിപൂര്‍ണ്ണ വിജയമാണെന്ന് കണ്ടാണ് തുടര്‍ന്ന് ഒരു കിലോമീറ്റര്‍ ദൂരത്തില്‍ മണല്‍ വയല്‍ മുതല്‍ നെയ്കുപ്പ വരെയും ഇപ്പോള്‍ നെയ്കുപ്പ മുതല്‍ പാത്രമൂല വരെയും താല്‍ക്കാലിക ഫെന്‍സിങ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. കാട്ടാനകള്‍ നിരന്തരം ഇറങ്ങി കൃഷിയും വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ത്തുകൊണ്ടിരുന്ന മേഖലയാണ് ഈ വനാതിര്‍ത്തിയോട് ചേര്‍ന്ന ഗ്രാമങ്ങള്‍.

ജോസ് മാത്യു വടക്കാഞ്ചേരില്‍, വി.ജെ.തോമസ് വടക്കാഞ്ചേരില്‍,ഷാന്റി ചേനപ്പാടി എന്നിവരുടെ നേതൃത്വത്തില്‍ നാല്പത്തിലധികം കര്‍ഷകരും പ്രദേശ വാസികളും, ചെതലത്ത് റെയിഞ്ച് ഓഫീസര്‍ എം.കെ.രാജീവ് കുമാര്‍, പുല്‍പ്പള്ളി ഡെപ്യൂട്ടി റെയിഞ്ചര്‍ എ.നിജേഷ്, പുല്‍പ്പള്ളി സ്‌റ്റേഷനിലെ ജീവനക്കാര്‍, വാച്ചര്‍മാര്‍ എന്നിവരും പ്രവര്‍ത്തിയില്‍ പങ്കാളികളായി.

Comments (0)
Add Comment