ഷാഫി പറമ്പിലിനെ മർദിച്ച സംഭവം: അഭിലാഷിന് 2023ൽ പുറത്താക്കൽ നോട്ടിസ് നൽകി, പിന്നാലെ ഒഴിവാക്കി

തിരുവനന്തപുരം∙ പേരാമ്പ്രയില്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പില്‍ എംപി ആരോപണം ഉന്നയിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അഭിലാഷ് ഡേവിഡിന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ പുറത്താക്കല്‍ നോട്ടിസ് നല്‍കിയത് 2023 ജനുവരി 21ന്. പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട് അഭിലാഷിന് അന്നത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജുവാണ് നോട്ടിസ് നല്‍കിയത്. എന്നാല്‍ പിന്നീട് തുടര്‍നടപടികള്‍ മന്ദഗതിയില്‍ ആവുകയും നോട്ടിസ് ഒഴിവാക്കുകയുമായിരുന്നു.

2023 തുടക്കത്തില്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്നും അതില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണെന്നുമാണ് അഭിലാഷ് ഇന്നലെ പ്രതികരിച്ചിരുന്നത്. എസ്എഫ്‌ഐയുടെയും സിപിഎമ്മിന്റെയും പഴയ പ്രവര്‍ത്തകനാണ് താനെന്ന് അഭിലാഷ് പറഞ്ഞിരുന്നു. 2022ല്‍ പേട്ടയിലുണ്ടായ ഗുണ്ടാ ആക്രമണത്തിനു പിന്നാലെ അഭിലാഷിനും 3 ഡിവൈഎസ്പിമാര്‍ക്കുമെതിരെ ഗുണ്ടാബന്ധം സംബന്ധിച്ച് ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നേരിട്ടു. റെയില്‍വേ ഇന്‍സ്‌പെക്ടര്‍ ആയിരിക്കുമ്പോഴായിരുന്നു ഇത്. അഭിലാഷ് മുന്‍പ് ശ്രീകാര്യം എസ്എച്ച്ഒ ആയിരിക്കെ ലൈംഗിക പീഡനം സംബന്ധിച്ച ഇരയുടെ പരാതിയില്‍ കേസെടുക്കാന്‍ വീഴ്ച വരുത്തിയെന്ന ആരോപണവും പിന്നാലെ ഉയര്‍ന്നു.

ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയതിനു ശേഷമാണ് സിറ്റി പൊലീസ് കമ്മിഷണര്‍ നോട്ടിസ് നല്‍കിയത്. 2 പരാതികളുമായി ബന്ധപ്പെട്ട് 22 മാസത്തെ സസ്‌പെന്‍ഷന്‍ നേരിട്ട അഭിലാഷ്, പിരിച്ചുവിടല്‍ നോട്ടിസിനെതിരെ സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. അദ്ദേഹത്തിന്റെ അമ്മ മുഖ്യമന്ത്രിക്കു നിവേദനം നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഹിയറിങ് നടത്തിയ ആഭ്യന്തര വകുപ്പ്, അഭിലാഷിനെതിരായ നടപടിയില്‍ ഇളവു വരുത്തി. 2 ഇന്‍ക്രിമെന്റ് റദ്ദാക്കിയത് ഒന്നായിക്കുറച്ചു. തിരുവനന്തപുരം ജില്ലയ്ക്കു പുറത്തു നിയമിക്കണമെന്ന വ്യവസ്ഥയോടെയാണു പിരിച്ചുവിടല്‍ നോട്ടിസ് ഒഴിവാക്കിയത്.

Comments (0)
Add Comment