ബെംഗളൂരു ∙ മൈസൂരു റെയിൽവേ സ്റ്റേഷനിൽ 6 മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ആർപിഎഫ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിൽ തടഞ്ഞു. ബുധനാഴ്ച പുലർച്ചെ 5.20നാണു സ്റ്റേഷൻ പരിസരത്തു യുവതി കുഞ്ഞിനെ അന്വേഷിക്കുന്നതു കോൺസ്റ്റബിൾ സി.എം.നാഗരാജു കണ്ടത്. ഉടൻ തന്നെ നാഗരാജു എഎസ്ഐയെയും ഇൻസ്പെക്ടറെയും വിവരം അറിയിച്ചു.
ഉദ്യോഗസ്ഥർ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ 50 വയസ്സ് തോന്നിക്കുന്ന സ്ത്രീ കുഞ്ഞിനെയും കൊണ്ട് ആറാം നമ്പർ പ്ലാറ്റ്ഫോമിലേക്കു പോകുന്നതു കണ്ടു. തുടർന്ന് ഉദ്യോഗസ്ഥരെത്തി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ഹാസൻ സ്വദേശിയായ സ്ത്രീയെ അറസ്റ്റു ചെയ്തു.