Listen live radio

സ്വപ്നക്ക് സംരക്ഷണം കവചം തീര്‍ക്കുന്നതാര്? മുങ്ങിയ തോണി ഇനിയെപ്പോള്‍ പൊങ്ങും

after post image
0

- Advertisement -

തിരുവനന്തപുരം: നയതന്ത്ര ബാഗ് വഴി സ്വര്‍ണക്കള്ളക്കടത്ത് നടത്തിയ കേസിലെ പ്രധാനപ്രതികളായ സ്വപ്‌നാ സുരേഷും സ്ന്ദീപ് നായരും ഒളിവില്‍ പോയിട്ട് ഒരാഴ്ച പിന്നിടുന്നു. ഇരുവര്‍ക്കും വേണ്ടി തലസ്ഥാനത്തും തമിഴ്‌നാട്ടിലും കസ്റ്റംസ് വ്യാപക പരിശോധന നടത്തുന്നു. പൊലീസിന്റെ സഹായം തേടാതെയാണ് അന്വേഷണം. തലസ്ഥാനത്തെ പല ഹോട്ടലുകളിലും ശാന്തിഗിരി ആശ്രമത്തിലും തെരച്ചില്‍ നടത്തിയതിന് പിന്നാലെ ജില്ലയിലെ മലയോര, തോട്ടം മേഖലയായ ബ്രൈമൂര്‍, മങ്കയം, പൊന്‍മുടി എന്നിവിടങ്ങളിലെ എസ്റ്റേറ്റുകളിലും ലയങ്ങളിലും ഒറ്റപ്പെട്ട വീടുകളിലും പൂട്ടിക്കിടക്കുന്ന വീടുകളിലും പരിശോധന നടന്നുവരുന്നു.
അന്വേഷണത്തിന് പൊലീസിന്റെ സഹായം തേടിയാല്‍ വിവരങ്ങള്‍ ചോരുമെന്നാണ് കസ്റ്റംസ് കരുതുന്നത്. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുമായി സ്വപ്‌നയ്ക്ക് അടുത്തബന്ധമാണുള്ളത്. വിമാനത്താവളത്തില്‍ കസ്റ്റംസ് ബാഗ് തടഞ്ഞ് വെച്ചത് മുതല്‍ നിരവധി തവണ സ്വപ്‌ന കസ്റ്റംസ് അധികൃതരെ വിളിച്ചിരുന്നു. ബാഗ് പരിശോധിക്കുമെന്ന് ഉറപ്പായതോടെയാണ് ഒളിവില്‍ പോയത്. അതിനാല്‍ ബാഗില്‍ എന്തായിരുന്നെന്ന് സ്വപ്‌നയ്ക്ക് അറിയാമായിരുന്നു എന്ന് വ്യക്തമാണ്. സ്വപ്‌നയുടെ ഐ.ടി വകുപ്പ് നിയമനം സംബന്ധിച്ച്‌ സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് സി.പി.എം പ്രഖ്യാപിച്ചിട്ടുണ്ട്. ഐ.ടി സെക്രട്ടറിയായിരുന്ന ശിവശങ്കരന്റെ ഫ്‌ളാറ്റിലെ ചുമതലക്കാരനെ കസ്റ്റംസ് ചോദ്യം ചെയ്തു. സന്ദര്‍ശക രജിസ്റ്ററും കസ്റ്റഡിയിലെടുത്തു.
അന്വേഷണം ശിവശങ്കരനില്‍ മാത്രം ഒതുങ്ങാതെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയാല്‍ സര്‍ക്കാരിനും സി.പി.എമ്മിനും രാഷ്ട്രീയമായി തിരിച്ചടിയാകും. ഒളിവില്‍ പോകുന്നതിന് മുമ്ബ് സ്വപ്‌നയും സന്ദീപും ഫോണുകള്‍ ഓഫ് ചെയ്തിരുന്നു. കഴിഞ്ഞദിവസം ഒരു ചാനലിലൂടെ സ്വപ്‌നയുടെ ശബ്ദസന്ദേശം എങ്ങനെയാണ് പുറത്ത് വന്നതെന്ന് അന്വേഷണം നടക്കുന്നുണ്ട്. ഇതിന് സഹായം നല്‍കിയവരേയും തെരയുന്നുണ്ട്. ഉന്നതരുടെ സഹായമില്ലാതെ ഒരു സ്ത്രീയ്ക്ക് ഇത്രയും നാള്‍ ഒറ്റയ്ക്ക് കഴിയാനാകില്ലെന്നാണ് കസ്റ്റംസ് വിലയിരുത്തുന്നത്.
വോയിസ് ക്ലിപ്പില്‍ താന്‍ ആത്മഹത്യ ചെയ്‌തേക്കുമെന്ന് സ്വപ്‌ന പറയുന്നുണ്ടായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയതിനാല്‍ അതിന് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. വക്കീലിനെ ഏര്‍പ്പെടുത്തിയത് ആരാണെന്നും അന്വേഷണം നടക്കുന്നുണ്ട്. വെറുമൊരു സ്വര്‍ണക്കടത്തായി മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ ഈ കേസിനെ കാണുന്നത്. അതിനാല്‍ യാതൊരു തരത്തിലുള്ള ഇടപെടലുകളും സ്വാധീനിക്കലും നടക്കില്ലെന്ന് എന്‍.ഐ.എ പുറത്ത് വിട്ട വാര്‍ത്താകുറിപ്പിലെ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ മനസ്സിലാകും.

Leave A Reply

Your email address will not be published.