ഹായില്‍ ∙ പ്രിയപ്പെട്ട ഹാസ്യതാരത്തിന്റെ വിയോഗത്തിന്റെ തീരാനോവിൽ ഒന്നടങ്കം തേങ്ങിക്കരയുകയാണ് സൗദി. കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച അബൂമർദാഅ് (അബ്ദുല്ല ബിൻ മർദാഅ് അൽആതിഫ് അൽ ഖഹ്താനി) സൗദി ജനതയെ ഒട്ടറെ തവണ ചിരിപ്പിച്ച ഹാസ്യതാരവും കോണ്ടന്റ് ക്രിയേറ്ററുമാണ്. ഇന്നലെ മുതൽ സൗദി അറേബ്യയിലെ മുഴുവൻ സോഷ്യൽ മീഡിയ ഹാൻഡിലുകളും അബൂമർദാഅിന്റെ വേർപാട് വാർത്തകളാൽ നിറയുകയാണ്.
സൗദിയിലെ ഹായിലിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അബൂമർദാഅ് മരിച്ചത്. സ്നാപ്ചാറ്റ് സെലിബ്രിറ്റിയായ അബൂഹുസ്സ, അബൂമർദാഇന്റെ പിതൃസഹോദരപുത്രൻ ദഖീൽ എന്നിവർക്കും പരുക്കേറ്റു. ഇതിൽ ദഖീലിന്റെ സ്ഥിതി ഗുരുതരമാണ്. ഇദ്ദേഹത്തെ കിങ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റി. അബൂഹുസ്സയും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.
സൗദി അറേബ്യയിലെ സോഷ്യൽ മീഡിയയിലെ ഏറ്റവും പ്രശസ്തരായ ഹാസ്യതാരങ്ങളിൽ ഒരാളായിരുന്നു അബൂമർദാഅ്. എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള സംസാരവും സുഹൃത്തുക്കളുമൊത്തുള്ള നർമ്മ സാഹചര്യങ്ങളും ലഘുവായ തമാശകളും ഉൾപ്പെടുന്ന ദൈനംദിന വ്ലോഗുകൾക്കും അബൂമർദാഅ് പ്രശസ്തനായിരുന്നു. സ്നാപ്ചാറ്റ്, ടിക് ടോക്ക്, യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയിൽ അബൂമർദാഅ്ക്ക് വൻ ഫോളോവേഴ്സുണ്ട്. രസവും ചിരിയും ഇഷ്ടപ്പെടുന്ന ലളിത മനുഷ്യൻ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.അബൂമർദാഇന്റെ ജീപ്പ് നിർത്തിയിട്ടിരുന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. ഇന്നലെ വൈകിട്ട് ഹായിലിലെ അൽറാജ്ഹി ജുമാമസ്ജിദിലെ സ്വദിയാൻ ഖബർസ്ഥാനിൽ മൃതദേഹം മറവു ചെയ്തു.