Listen live radio

സ്വര്‍ണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷിന്‍റെ ജാമ്യഹര്‍ജി തള്ളി

after post image
0

- Advertisement -

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ്, സെയ്തലവി എന്നീ പ്രതികളുടെ ജാമ്യാപേക്ഷകള്‍ തള്ളി. സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയാണ് ജാമ്യാപേക്ഷകള്‍ തള്ളിയത്. സ്വര്‍ണക്കടത്തിന് പിന്നില്‍ രാജ്യാന്തര ശൃംഖല ഉണ്ടന്നും ഹവാല ഇടപാടിലൂടെ പണം യുഎഇയിലേക്ക് കടത്തി സ്വര്‍ണം കേരളത്തിലേക്ക് കടത്തുകയാണന്നും സമ്ബദ് വ്യവസ്ഥയെ തകര്‍ക്കുകയാണെന്നുമുള്ള വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷകള്‍ കോടതി തള്ളിയത്. കേസന്വേഷണം പുരോഗമിക്കുകയാണെന്നും ദുബായിലുള്ള രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ടന്നും കസ്റ്റംസ് ബോധിപ്പിച്ചു.
കേസിലെ പത്താം പ്രതി സംജുവിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് പതിനേഴാം തീയ്യതിയിലേക്ക് മാറ്റി. കൂടുതല്‍ വാദം ആവശ്യമാണെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. റിമാന്‍ഡ് കാലാവധി അവസാനിച്ച 8 പ്രതികളെ ഈ മാസം 25 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സെയ്തലവി, സംജു, മുഹമ്മദ് അബ്ദുള്‍ ഷമീം, പി.ടി.അബ്ദു മുഹമ്മദ് അന്‍വര്‍, അബ്ദുള്‍ ഹമീദ്, അബൂബക്കര്‍ പഴേടത്ത്, ജിഫ്സല്‍ സി വി എന്നിവരുടെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. അതേസമയം, യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ എത്തിയതില്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറോട് കസ്റ്റംസ് വിശദീകരണം തേടിയിട്ടുണ്ട്. രണ്ടുവര്‍ഷത്തിനുള്ളില്‍ യുഎഇയില്‍നിന്ന് എത്രവണ പാഴ്സല്‍ എത്തിയെന്ന് അറിയിക്കണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ എന്തെങ്കിലും ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതും അറിയിക്കണമെന്നും കസ്റ്റംസ് വ്യക്തമാക്കി. സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജി കൊച്ചിയിലെ എന്‍ഐഎ കോടതി തള്ളിയിരുന്നു. ജാമ്യം ലഭിച്ചാല്‍, ഉന്നതരുമായുള്ള അടുത്ത ബന്ധമുപയോഗിച്ച്‌ കേസില്‍ ഇടപെടാന്‍ ശ്രമിക്കുമെന്ന അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.
എന്‍ഐഎ ആരോപിക്കുന്ന കുറ്റങ്ങള്‍ പ്രതി ചെയ്‌തതിനു പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. സ്വപ്നയ്‌ക്കെതിരെ തെളിവുകളുണ്ടെന്ന് കേസ് ഡയറി പരിശോധിച്ചതില്‍നിന്നു കോടതിക്കു ബോധ്യമായി. എന്നാല്‍ സ്വപ്‌നയ്‌ക്ക് തീവ്രവാദ സംഘങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടെന്നതിനും പണം തീവ്രവാദ പ്രവര്‍ത്തനത്തിന് വേണ്ടി ചെലവഴിച്ചുവെന്നതിനും നിലവില്‍ തെളിവില്ലെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്വര്‍ണക്കടത്ത് രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയെ ബാധിക്കുമെന്നും യുഎപിഎയിലെ പതിനഞ്ചാം വകുപ്പ് നിലനില്‍ക്കുമെന്നുമായിരുന്നു എന്‍ഐഎയുടെ വാദം. സ്വര്‍ണക്കടത്തില്‍ പങ്കാളിയാണെന്നതിനു സ്വപ്‌നയുടെ മൊഴി തന്നെ തെളിവാണ്. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം പല പ്രാവശ്യം കടത്തിയെന്നതിനു കേസ് ഡയറിയില്‍ തെളിവുണ്ട്. ഇത് രാജ്യത്തിന്റെ സാമ്ബത്തിക സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന അറിവ് പ്രതിക്കുണ്ടായിരുന്നു. കാര്‍ഗോ വിട്ടുകിട്ടാന്‍ സ്വപ്‌ന ഇടപെട്ടതിനും തെളിവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന വാദം കോടതി തള്ളുകയും ചെയ്തിരുന്നു. യുഎപിഎ ആക്‌ട് സെക്ഷന്‍ 43 ഡി (5) പ്രകാരം ജാമ്യത്തിന് അര്‍ഹതയില്ലെന്നും കോടതി വ്യക്തമാക്കി.

Leave A Reply

Your email address will not be published.