Listen live radio

മാറ്റം അനിവാര്യം: സോണിയക്ക് നേതാക്കളുടെ കത്ത്; പൂര്‍ണ്ണസമയ നേതൃത്വം വേണമെന്ന് പ്രധാന ആവശ്യം

after post image
0

- Advertisement -

ഡല്‍ഹി: കോൺഗ്രസ് പാര്‍ട്ടിയില്‍ പൊളിച്ചെഴുത്ത് ആവശ്യമെന്നതിലേക്ക് വിരല്‍ ചൂണ്ടി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത്. പാര്‍ട്ടിയില്‍ സമഗ്ര മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് 23 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചു. അടിമുടി മാറ്റം ആവശ്യമാണെന്നാണ് കത്തില്‍ നേതാക്കള്‍ ആവശ്യപ്പെടുന്നത്. നാളെ പ്രവര്‍ത്തക സമിതി യോഗം ചേരാനിരിക്കെയാണ് കത്ത് നല്‍കിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരാജയ കാരണം സത്യസന്ധമായി പാര്‍ട്ടി വിലയിരുത്തിട്ടില്ലെന്നും കത്തില്‍ പറയുന്നു.പാര്‍ട്ടിക്ക് പൂര്‍ണസമയ നേതൃത്വം വേണമെന്നും കത്തിലുണ്ട്. കത്തയച്ചവരില്‍ അഞ്ച് മുന്‍മുഖ്യമന്ത്രിമാരും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ അംഗങ്ങളും എംപിമാരും മുന്‍കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഗുലാം നബി ആസാദ് , കപില്‍ സിബല്‍, ആനന്ദ് ശര്‍മ, മനീഷ് തിവാരി, ശശി തരൂര്‍, മുകുള്‍ വാസ്‌നിക് പൃഥ്വിരാജ് ചവാന്‍, പി.ജെ കുര്യന്‍, അജയ് സിംഗ്, രേണുക ചൗധരി തുടങ്ങിയവര്‍ കത്തില്‍ ഒപ്പിട്ടുണ്ടെന്നാണ് സൂചന.
പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ നേതാക്കളെ തെരഞ്ഞെടുക്കുന്ന പുതിയ രീതി കൊണ്ടുവരണം. എ.ഐ.സി.സിയിലും പി.സി.സി ഓഫിസുകളിലും മുഴുവന്‍ സമയവും നേതാക്കള്‍, സ്വതന്ത്ര തെരഞ്ഞെടുപ്പ് രീതി ഉറപ്പുവരുത്തുന്ന ബോഡി, പാര്‍ട്ടി ഭരണഘടനയനുസരിച്ച്‌ മാത്രം വര്‍ക്കിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഇതിനെല്ലാം വേണ്ടി പുതിയ തെരഞ്ഞെടുപ്പ് രീതി കൊണ്ടുവരണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. അധികാര വികേന്ദ്രീകരണം ആവശ്യമാണെന്നും അതോടൊപ്പം തന്നെ ബ്ലോക്ക് തലംമുതല്‍ സി.ഡബ്ല്യൂ.സി വരയുള്ള പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലേക്കും തെരഞ്ഞെടുപ്പ് വേണമെന്നും കത്തില്‍ പറയുന്നതായാണ് വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍.
പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും രാഹുലിന്റെ വരവ് ചിലര്‍ എതിര്‍ക്കുന്നു എന്ന പ്രചാരണം ഇതിന്റെ ഭാഗമാണെന്നും കത്തില്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കണമെന്നത് പ്രധാന ആവശ്യങ്ങളിലൊന്നായി കത്തില്‍ പറയുന്നു. തോല്‍വികള്‍ പൂര്‍ണമനസ്സോടെ പഠിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
കോണ്‍ഗ്രസ് വിട്ടുപോയവരുമായി വീണ്ടും ആശയവിനിമയം നടത്തി ബി.ജെ.പി വിരുദ്ധ സഖ്യ മുന്നണി ശക്തിപ്പെടുത്തണമെന്ന നിര്‍ദേശവും കത്തിലുണ്ട്. യുവാക്കള്‍ നരേന്ദ്ര മോദിക്ക് വോട്ടുചെയ്യുന്നതും യുവനേതാക്കളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നതും ഗൗരവമായി പരിഗണിക്കണമെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കേണ്ടത് ദേശീയമായ അനിവാര്യതയാണ്.
സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും കടുത്ത സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ വെല്ലുവിളികളെ രാജ്യം അഭിമുഖീകരിക്കുകയാണ്. ഭയത്തിന്റേതായ അന്തരീക്ഷം, വര്‍ഗീയമായി ആളുകളെ ഭിന്നിപ്പിക്കുന്ന ബിജെപിയുടെ അജണ്ട, സാമ്ബത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, മഹാമാരിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍, അതിര്‍ത്തികളിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങളും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയുടെ ഇടപെടല്‍ നിരാശാജനകമാണെന്നും കത്തില്‍ വിമര്‍ശനമുണ്ട്.2024 ല്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നിറക്കി കോണ്‍ഗ്രസിന് വീണ്ടും മുന്നോട്ടുവരണമെങ്കില്‍ കോണ്‍ഗ്രസില്‍ ഉടനടി ഒരു നേതൃത്വ മാറ്റം ഉണ്ടാവണമെന്ന ആവശ്യം ശക്തിപ്പെട്ടുവരുന്നുണ്ട്.
ഗാന്ധി കുടുംബത്തിന് പുറമേ നിന്നുള്ള ഒരാള്‍ വേണം പ്രസിഡന്റ് സ്ഥാനത്തേക്ക് വരേണ്ടതെന്ന് ഒരുവിഭാഗം പറയുമ്ബോള്‍ രാഹുല്‍ ഗാന്ധി തന്നെ തിരിച്ചെത്തണമെന്നാണ് മറുവിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് രാഹുല്‍ ഗാന്ധി ഉടന്‍തന്നെ ഒരു തിരിച്ചുവരവ് നടത്താനുള്ള സാധ്യതയില്ല. ഇക്കാര്യം അദ്ദേഹം പല അവസരങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതാണ്.
India Tomorrow: Conversations with the Next Generation of Political Leadersഎന്ന പുസ്തകത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് നേതൃത്വ മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും തുടങ്ങിയത്. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനും തനിക്ക് പ്രസിഡന്റ് പദവി ആവശ്യമില്ലെന്നാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്. പ്രിയങ്കാ ഗാന്ധിയും സമാനമായ അഭിപ്രായം തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ പാര്‍ട്ടിയുടെ ഉന്നതസ്ഥാനത്തേയ്ക്ക് വരണം എന്നുതന്നെയാണ് പുസ്തകത്തില്‍ രാഹുലും പ്രിയങ്കയും വ്യക്തമാക്കുന്നത്.

Leave A Reply

Your email address will not be published.