Listen live radio

കോവിഡിനെതിരെയുള്ള ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുത്; പെരുമാറ്റച്ചട്ട ലംഘനം കുറ്റകരം: മന്ത്രി കെകെ ശൈലജ ടീച്ചര്‍

after post image
0

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. എല്ലാ കോവിഡ് പ്രോട്ടോകോളുകളും ലംഘിച്ചാണ് ഇന്നലേയും ഇന്നുമായി പലരും പൊതുനിരത്തുകളിലിറങ്ങി പ്രതിഷേധിച്ചത്. പലരും മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ല. ആരില്‍ നിന്നും ആരിലേക്കും രോഗം പകരാനുള്ള സാധ്യതയാണുള്ളത്. അവരില്‍ നിന്നും അവരുടെ കുടുംബാംഗങ്ങളിലേക്കും മുതിര്‍ന്നവരിലേക്കും പകരാന്‍ സാധ്യതയുണ്ട്. 
മുതിര്‍ന്നവര്‍ക്കും അസുഖമുള്ളവര്‍ക്കും കുട്ടികള്‍ക്കും രോഗം ബാധിച്ചാല്‍ സ്ഥിതി അതിസങ്കീര്‍ണമാകും. പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് അവരോടുംകൂടി ചെയ്യുന്ന ക്രൂരതയാണ്. ദുരന്ത നിവാരണ നിയമമനുസരിച്ചും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമമനുസരിച്ചും ഇത് കുറ്റകരവുമാണ്. ജാഗ്രത പാലിച്ചില്ലെങ്കില്‍ പോസിറ്റീവ് കേസുകളുടെ എണ്ണവും മരണനിരക്കും വന്‍ തോതില്‍ വര്‍ധിക്കാന്‍ ഇടയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കണം. സോപ്പുപയോഗിച്ച് കൈകഴുകുക, മാസ്‌ക് ധരിക്കുക, വ്യക്തിപരമായി അകലം പാലിക്കുക എന്നിവ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്ക് വിലക്കില്ലെങ്കിലും മാതൃകയാകേണ്ട രാഷ്ട്രീയ പ്രവര്‍ത്തകരും കോവിഡ് പ്രതിരോധ നിബന്ധനകള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ഈ പ്രതിഷേധങ്ങളില്‍ കൂട്ടമായി പങ്കെടുക്കുന്ന ആര്‍ക്കെങ്കിലും കോവിഡ് രോഗബാധയുണ്ടെങ്കില്‍ അവരില്‍ നിന്ന് വൈറസ് സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതയാണ് ഉണ്ടാകുന്നത്. അതിനാല്‍ തന്നെ സ്വന്തം രക്ഷയെ കരുതിയും സമൂഹത്തിന്റേയും രക്ഷയെ കരുതിയും നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്.
രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിച്ച് മാത്രമേ പ്രതിഷേധ പരിപാടികളിലായാലും പങ്കെടുക്കാവൂ. ഇടയ്ക്കിടയ്ക്ക് കൈകള്‍ സാനിറ്റൈസ് ചെയ്യുകയോ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുകയോ ചെയ്യണം. ഇത്തരം പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരും സ്വയം സുരക്ഷയ്ക്കായി ശ്രദ്ധിക്കേണ്ടതാണ്. പ്രതിരോധ വാക്‌സിനോ മരുന്നുകളോ കണ്ടെത്തുന്നതുവരെ കര്‍ശനമായ നിയന്ത്രണങ്ങളോടെ ജീവിതവൃത്തികള്‍ നടത്താന്‍ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Leave A Reply

Your email address will not be published.