Listen live radio

രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന :ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ പിന്‍വലിക്കാനാണ് സാധ്യത

after post image
0

- Advertisement -

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന. ആറ് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫ്രന്‍സിലാണ് സംസ്ഥാനങ്ങളുടെ ആവശ്യം. പശ്ചിമ ബംഗാള്‍, ബീഹാര്‍, പഞ്ചാബ്, മഹാരാഷ്ട്ര. തെലങ്കാന, ആസം സംസ്ഥാനങ്ങളാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്.
കൂടുതല്‍ ഇളവുകളോടെ ലോക്ക് ഡൗണ്‍ നീട്ടിയേക്കും. ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ പിന്‍വലിക്കാനാണ് സാധ്യത. ഏതൊക്കെ മേഖലകളില്‍ ഇളവ് വേണമെന്ന് മുന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. രാജ്യം ഇതുവരെ നല്ല പ്രവര്‍ത്തനങ്ങളാണ് മുന്നോട്ടുവച്ചത്. ലോകം മുഴുവന്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ ഉറ്റുനോക്കുകയാണ്. ഐക്യത്തോടെ മുന്നോട്ടുപോകുകയെന്നതാണ് ഇപ്പോഴത്തെ വഴിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗവ്യാപനമേഖലകള്‍ ഏതെന്ന് കണ്ടെത്താനായിട്ടുണ്ട്. ആ മേഖലകള്‍ നോക്കി തന്ത്രമാവിഷ്‌കരിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ആലോചന.
ഗ്രാമീണ ഇന്ത്യ കോവിഡ് മുക്തമാണെന്ന് ഉറപ്പുവരുത്താന്‍ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ വേഗത കൈവരിക്കും. എങ്കിലും കോവിഡിനെതിരെയുളള പോരാട്ടത്തിനാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത് എന്ന കാര്യം ഓര്‍മ്മ വേണമെന്ന് മോദി പറഞ്ഞു.
അതേസമയം കോവിഡ് ലോക്ഡൗണ്‍ മാര്‍ഗരേഖയില്‍ മാറ്റംവരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടു. റെഡ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ മെട്രോ ഉള്‍പ്പെടെ പൊതുഗതാഗതം അനുവദിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിയുള്ള വിഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ട്രെയിനുകളില്‍ നിയന്ത്രണം വേണം. കേരളത്തിന്റെ പാസ് ഉള്ളവരെ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവദിക്കാവൂ. ഓണ്‍ലൈന്‍ ബുക്കിങ് അനുവദിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നും കേരളം ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.