Listen live radio

ഫ്‌ളാറ്റ് പീഡനകേസ്; പ്രതി മാർട്ടിൻ ജോസഫിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു

after post image
0

- Advertisement -

കൊച്ചി: എറണാകുളം ഫ്‌ലാറ്റ് പീഡനകേസിൽ പ്രതി മാർട്ടിൻ ജോസഫിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ കണ്ണൂർ സ്വദേശിനിയായ യുവതി പൊലീസിന് പരാതി നൽകുന്നത് കഴിഞ്ഞ മാർച്ചിലാണ്.

കഴിഞ്ഞ വർഷം ലോക്ഡൗൺ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ തൃശ്ശൂർ സ്വദേശി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനൊപ്പം യുവതി താമസം തുടങ്ങിയത്. മാർട്ടിന്റെ കൊച്ചിയിലെ ഫ്‌ളാറ്റിലായിരുന്നു താമസം. കഴിഞ്ഞ ഫെബ്രുവരി മുതൽ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിയ്ക്കുക ആയിരുന്നെന്ന് യുവതി പറഞ്ഞു. യുവാവ് വിവാഹ വാഗ്ദാനവും നൽകിയിരുന്നു. എന്നാൽ വിവാഹത്തിന് മാർട്ടിൻ തയ്യാറായില്ല. ബന്ധത്തിൽ നിന്ന് പിൻമാറാൻ യുവതി ശ്രമിച്ചത് മാർട്ടിനെ പ്രകോപിപ്പിച്ചു. ക്രൂര പീഡനത്തോടൊപ്പം യുവതിയുടെ നഗ്‌ന വീഡിയോ ചിത്രീകരിയ്ക്കുകയും ചെയ്തിരുന്നു.

ഒടുവിൽ ഫ്‌ലാറ്റിൽ നിന്ന് രക്ഷപെട്ടോടിയ യുവതി ബെംഗളൂരുവിൽ സുഹൃത്തിൻറെ അടുത്ത് എത്തിയ ശേഷമാണ് പരാതി നൽകിയത്. ക്രൂരമർദ്ദനത്തിൻറെ ചിത്രങ്ങൾ അടക്കമായിരുന്നു പരാതി. എന്നാൽ രണ്ട് മാസത്തോളം എറണാകുളം സെൻട്രൽ പൊലീസ് അനങ്ങിയില്ല. ഒടുവിൽ മർദ്ദനത്തിൻറെ ചിത്രങ്ങളടക്കം മാധ്യമങ്ങളിൽ വാർത്തകൾ വന്നതോടെ പൊലീസിനെതിരെ വൻ പ്രതിഷേധം ഉയർന്നു.

ദിവസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിൽ തൃശ്ശൂർ മുണ്ടൂരിൽ കാട്ടിൽ അയ്യൻകുന്നു എന്ന സ്ഥലത്ത് നിന്ന് മാർട്ടിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. വനത്തിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ നാട്ടുകാരുടെ കൂടി സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ ബലാൽസംഗം അനധികൃതമായി തടഞ്ഞുവെയ്ക്കൽ ദേഹോപദ്രവം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

മാർട്ടിന് ഒളിവിൽപോകാൻ ഒത്താശ ചെയ്ത മൂന്ന് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃശ്ശൂർ സ്വദേശികളായ ശ്രീരാഗ്, ധനേഷ്, ജോൺ ജോയ് എന്നിവരെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടിയത്. കൊച്ചിയിൽ നിന്ന് മാർട്ടിൻ തൃശ്ശൂരിലേക്ക് രക്ഷപ്പെടാൻ സഹായിച്ചതും മാറി മാറി ഒളിത്താവളം ഒരുക്കിയതും ഇവരായിരുന്നു. ഇവരിൽ നിന്ന് മൂന്ന് കാറുകളും പിടിച്ചെടുത്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് മുണ്ടൂർ വനത്തിലെ മാർട്ടിൻറെ ഒളിത്താവളത്തെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചത്.

മാർട്ടിന് എതിരെ മറ്റൊരു സ്ത്രീ കൂടി പരാതി നൽകിയിരുന്നു. രാത്രി ഫ്‌ലാറ്റിൽ അതിക്രമിച്ച് കയറി മാർട്ടിൻ ജോസഫ് മർദ്ദിച്ചെന്നായിരുന്നു ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന യുവതിയുടെ പരാതി. ഈ കേസുമായി ബന്ധപ്പെട്ട് സ്ത്രീത്വത്തെ അപമാനിക്കൽ, ഭവന ഭേദനം, മർദ്ദിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളും മാർട്ടിന് എതിരെ ചുമത്തിയിരുന്നു.

Leave A Reply

Your email address will not be published.