Listen live radio

സ്ത്രീകളുടെ ജോലി പ്രസവം, ഭരണം അവർക്ക് പറ്റിയ പണിയല്ലെന്ന് താലിബാൻ വക്താവ്, വനിതകൾ ജോലിക്കു പോകുന്നത് വേശ്യാവൃത്തിക്കു തുല്ല്യമെന്ന് പരാമർശം

after post image
0

- Advertisement -

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നപ്പോൾ എല്ലാവരും ആദ്യം ശ്രദ്ധിച്ചത് മന്ത്രിസഭയിലെ വനിതകളുടെ അഭാവമാണ്. മുൻ താലിബാൻ സർക്കാരിനേക്കാളും പുരോഗമന ചിന്തയുള്ളവരാണ് തങ്ങളെന്നും സ്ത്രീകൾക്ക് അർഹമായ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും അധികാരത്തിലേറുന്നതിനു മുമ്ബ് താലിബാൻ നേതാക്കൾ ഉറപ്പു നൽകിയിരുന്നു. എന്നാൽ അതെല്ലാം വെറും പാഴ്വാക്കുകളായിരുന്നുവെന്നാണ് ഓരോ ദിവസവുമുള്ള ഇവരുടെ പ്രസ്താവനകൾ സൂചിപ്പിക്കുന്നത്.

താലിബാൻ സർക്കാരിൽ വനിതകളില്ലെന്ന് സൂചിപ്പിച്ച മാദ്ധ്യമപ്രവർത്തകരോട് സ്ത്രീകൾക്ക് ഭരണം വഴങ്ങില്ലെന്നും അവർക്ക് പ്രസവിക്കാൻ മാത്രമാണ് അറിയുന്നതെന്നും താലിബാൻ വക്താവ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ പ്രാദേശിക വാർത്താ ചാനലായ ടോളോ ന്യൂസിനു നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് സെയ്ദ് സെക്രുള്ള ഹാഷിമിയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഒരു സ്ത്രീയെ സംബന്ധിച്ച് അവർക്ക് താങ്ങാൻ സാധിക്കാത്ത ഭാരമുള്ള വസ്തു കഴുത്തിൽ അണിയുന്നതു പോലെയായിരിക്കും മന്ത്രിസ്ഥാനം എന്നത്. സ്ത്രീകൾ മന്ത്രിസഭയിൽ ഉണ്ടായിരിക്കേണ്ട ആവശ്യമില്ല. ആ സമയം കൊണ്ട് പ്രസവിക്കുകയാണ് അവർ ചെയ്യേണ്ടത്. വനിതാ പ്രാതിനിധ്യത്തിനു വേണ്ടി ഇപ്പോൾ പ്രതിഷേധിക്കുന്ന സ്ത്രീകൾ അഫ്ഗാനിസ്ഥാനിലെ എല്ലാ വനിതകളുടേയും പ്രതിനിധികളാകില്ലെന്നും സെക്രുള്ള പറഞ്ഞു.

അഫ്ഗാൻ സമൂഹത്തിന്റെ പകുതിയോളം സ്ത്രീകളാണെന്ന് മാദ്ധ്യമപ്രവർത്തകൻ സൂചിപ്പിച്ചപ്പോൾ തങ്ങൾ സ്ത്രീകളെ അങ്ങനെ കണക്കാക്കുന്നില്ലെന്ന് സെക്രുള്ള പറഞ്ഞു. കഴിഞ്ഞ 20 വർഷമായി അഫ്ഗാനിസ്ഥാനിൽ ഭരണം നടത്തിയിരുന്ന അമേരിക്കയുടെ പാവ ഗവൺമെന്റ് സ്ത്രീകൾക്ക് നൽകിയിരുന്ന സർക്കാർ തൊഴിലവസരങ്ങൾ വേശ്യാവൃത്തിക്കു തുല്ല്യമായിരുന്നുവെന്ന് സെക്രുള്ള അഭിപ്രായപ്പെട്ടു.

ഇത്തരം സ്ത്രീകളെ അഫ്ഗാൻ പൗരന്മാരായി പോലും കണക്കാക്കുന്നില്ലെന്നും യഥാർത്ഥ അഫ്ഗാൻ സ്ത്രീകൾ കുഞ്ഞുങ്ങൾക്കു ജന്മം നൽകുകയും അവർക്ക് ഇസ്ലാമിക മൂല്യങ്ങൾ പകർന്നു നൽകുകയുമാണ് ചെയ്യേണ്ടതെന്ന് സെക്രുള്ള പറഞ്ഞു.

 

Leave A Reply

Your email address will not be published.