Listen live radio

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത: 4 ജില്ലകളിൽ യെല്ലോ അലേർട്ട്

after post image
0

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ കനക്കാൻ സാധ്യത. കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ ബംഗാളിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ച തീവ്രന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്. ചൊവ്വാഴ്ച പന്ത്രണ്ട് ജില്ലകളിലും ബുധാനാഴ്ച അഞ്ചുജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വയ്ക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറേണ്ടിവരുന്ന ഘട്ടങ്ങളിൽ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.

 

Leave A Reply

Your email address will not be published.