Listen live radio

കേരളത്തിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ വിളിയ്ക്ക് ഇന്ന് 25 വയസ്സ് തികയുന്നു

after post image
0

- Advertisement -

ആലപ്പുഴ : മലയാളികളുടെ ജീവിതത്തെ മാറ്റിമറിച്ച കേരളത്തിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ വിളിയ്ക്ക് ഇന്ന് 25 വയസ്സ് തികയുന്നു….
25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1996 സെപ്തംബര്‍ 17- നാണ് ആദ്യമായി കേരളത്തില്‍ ഒരു മൊബൈല്‍ ഫോണ്‍ വിളി നടന്നത്. മലയാളത്തിന്റെ ഇതിഹാസ കഥാകാരന്‍ തകഴി ശിവശങ്കര പിള്ളയാണ് ആദ്യമായി കേരളത്തില്‍ ഫോണ്‍ കോള്‍ ചെയ്തത്. എറണാകുളം ഹോട്ടല്‍ അവന്യൂ റീജന്റില്‍ നടന്ന ഉദ്ഘാടനച്ചടങ്ങിലാണ് അദ്ദേഹത്തിന് ആദ്യ ഫോണ്‍ വിളിക്കാന്‍ ഭാഗ്യം ലഭിച്ചത്. മറുതലയ്ക്കല്‍ അന്നത്തെ വൈസ് അഡ്മിറല്‍ എ.ആര്‍ ടണ്ഠന്‍. എസ്‌കോട്ടല്‍ സെല്ലുലാര്‍ സര്‍വീസിലൂടെ ആയിരുന്നു വിളി.

ചരിത്രത്തില്‍ ഇടംപിടിച്ച ആ ഫോണ്‍വിളിക്ക് എഴുത്തുകാരി മാധവിക്കുട്ടിയും (കമല സുരയ്യ ) സാക്ഷിയായി….

അന്ന് ഒരു മൊബൈല്‍ ഫോണിന്റെ വില ഏതാണ്ട് 50,000 രൂപ വരെയായിരുന്നു. ഔട്ട്‌ഗോയിങ് കോളിന് മിനിറ്റിന് 16 രൂപയും ഇന്‍കമിങ്ങ് കോളിന് എട്ടുരൂപയുമായിരുന്നു നിരക്ക്.
1995 ജൂലൈ 31 നായിരുന്നു ഇന്ത്യയില്‍ ആദ്യ മൊബൈല്‍ ഫോണ്‍വിളി നടന്നത്. അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു അന്നത്തെ കേന്ദ്ര കമ്യൂണിക്കേഷന്‍ മന്ത്രി സുഖ്‌റാമിനെ വിളിച്ചാണ് ഇന്ത്യയിലെ മൊബൈല്‍ വിപ്ലവത്തിന് തുടക്കമിട്ടത്. മോദി ടെല്‍സ്ട്ര എന്നായിരുന്നു അന്ന് ഈ സര്‍വ്വീസ് ലഭ്യമാക്കിയ കമ്പനി. പിന്നീട് ഇവര്‍ സ്പൈസ് മൊബൈല്‍ എന്ന് പേരുമാറ്റി. 1996 സെപ്തംബറില്‍ ഉദ്ഘാടനം നടത്തിയ എസ്‌കോട്ടല്‍ ഒക്ടോബര്‍ മാസത്തിലാണ് സേവനം ആരംഭിച്ചത് വരിക്കാര്‍ക്ക് കണക്ഷന്‍ ലഭിക്കാന്‍ വീണ്ടും ഒരു മാസമെടുത്തു. 1996 ല്‍ തന്നെ ബിപിഎല്‍ മൊബൈലും കേരളത്തില്‍ എത്തി. 2002- ലാണ് ബി.എസ്.എന്‍.എല്‍ കേരളത്തില്‍ സേവനം ആരംഭിക്കുന്നത്.

2003 ഓടെ ഇന്‍കമിംഗ് രാജ്യവ്യാപകമായി സൗജന്യമാക്കുകയും, വിലകുറഞ്ഞ ഫോണുകള്‍ രംഗത്ത് എത്തുകയും ചെയ്തതോടെ കേരളത്തില്‍ പിന്നീട് മൊബൈല്‍ വിപ്ലവം തന്നെയാണ് സംഭവിച്ചത്.

10 വർഷത്തിനിടയിൽ 1.12 കോടി കണക്‌ഷൻ

10 വർഷത്തിനിടെ മാത്രം കേരളത്തിൽ 1.12 കോടി മൊബൈൽ കണക്‌ഷനുകളുടെ വർധനയാണ് ഉണ്ടായത്. ഇതിൽ തന്നെ 71 ലക്ഷത്തിന്റെ വർധനയുണ്ടായത് റിലയൻസ് ജിയോ സേവനമാരംഭിച്ച 2016 നു ശേഷം. ഇപ്പോൾ രാജ്യത്താകെയുള്ള മൊബൈൽ കണക്‌ഷനുകളുടെ 3.81 ശതമാനം കേരളത്തിലാണ്. അതേസമയം, ഇക്കാലയളവിൽ ലാൻഡ്‍ലൈൻ (വയർലൈൻ) കണക്‌ഷനുകളിൽ 18.61 ലക്ഷത്തിന്റെ കുറവുണ്ടായി. അതിവേഗ ഇന്റർനെറ്റ് നൽകുന്ന ഫൈബർ കണക്‌ഷനുകൾ എത്തിയതോടെ 2020 ൽ 12.99 ലക്ഷമായിരുന്ന വയർലൈൻ കണക്‌ഷൻ ഇപ്പോൾ 13.47 ലക്ഷമായി വർധിച്ചു.

അന്ന് സെക്കൻഡിൽ 9.6 കിലോബൈറ്റ് (കെബിപിഎസ്) എന്ന ഒച്ചിഴയും വേഗമുള്ള ഡയൽ അപ് കണക്‌ഷനു പ്രതിവർഷം അടയ്ക്കേണ്ടിയിരുന്നത് 5,000 രൂപയാണ്. വാണിജ്യ ആവശ്യങ്ങൾക്കെങ്കിൽ 25,000 രൂപ. പ്രത്യേകമായി വലിക്കുന്ന ലീസ്ഡ് ലൈൻ എങ്കിൽ 25,000 എന്നത് 6 ലക്ഷം രൂപയാകും. 128 കെബിപിഎസ് ആണ് ഏറ്റവും ഉയർന്ന സ്പീഡ്. വാണിജ്യ ആവശ്യമെങ്കിൽ നൽകേണ്ടിയിരുന്നത് പ്രതിവർഷം 25 ലക്ഷം രൂപ. പ്രഫഷനൽസിന് നൽകിയിരുന്നത് 9.6 കെബിപിഎസിന്റെ കണക്‌ഷനായിരുന്നു.

ഇന്ന് രാജ്യത്തെ മൊബൈൽ ഫോണുകളിൽ ലഭിക്കുന്ന ശരാശരി വേഗം 17.96 എംബിപിഎസ് ആണ്. ഫിക്സ്ഡ് ബ്രോ‍ഡ്ബാൻഡ് ലൈനുകളിൽ ഇത് 62.45 എംബിപിഎസും. 2014 വരെ 1 ജിബി ഇന്റർനെറ്റ് ഡേറ്റയ്ക്ക് ശരാശരി 225 രൂപയായിരുന്നെങ്കിൽ ഇന്നത് 6.6 രൂപയായി കുറഞ്ഞു.

Leave A Reply

Your email address will not be published.