Listen live radio

കോവിഡ് മരണപ്പട്ടിക സമഗ്രമായി പുതുക്കും: മന്ത്രി വീണാ ജോർജ്

after post image
0

- Advertisement -

 

 

തിരുവനന്തപുരം: കോവിഡ് മരണപ്പട്ടിക സമഗ്രമായി പുതുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേന്ദ്രത്തിന്റെ പുതിയ മാർഗരേഖയനുസരിച്ചാണ് സംസ്ഥാനവും മാർഗരേഖ പുതുക്കുന്നത്. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഏതാനും ദിവസങ്ങൾക്കകം മാർഗരേഖയ്ക്ക് അന്തിമ രൂപമാകുന്നതാണ്. നെഗറ്റീവായാലും 30 ദിവസത്തിനുള്ളിലെ മരണം കോവിഡ് മരണമാണന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ളതാകും പുതിയ മാർഗരേഖ. ഇതുസംബന്ധിച്ച് സമഗ്രമായ ലിസ്റ്റ് തന്നെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന മെഡിക്കൽ കോളേജിലെ പുതിയ ഐ.സി.യു.കൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് തന്നെ ഒരു അന്വേഷണം നടത്തുകയും അത് പരിഹരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയുമാണ്. ഇതോടൊപ്പം പരാതികൾ പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് തന്നെ അതിനൊരു ഇടപെടൽ നടത്തി പട്ടിക പ്രസിദ്ധീകരിക്കുക തന്നെ ചെയ്യും. അർഹരായവർക്കെല്ലാം ഇതുസംബന്ധിച്ച ആനുകൂല്യം ലഭിക്കണമെന്ന് തന്നെയാണ് സർക്കാരിന്റെ തീരുമാനം. അതിന് വേണ്ടി സംസ്ഥാന സർക്കാർ ചെയ്യാവുന്ന കാര്യങ്ങളെല്ലാം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകും എന്ന് തന്നെയാണ് കരുതുന്നത്. എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യം നമ്മുടെ സാമൂഹിക ഇടപെടലുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തന്നെ വേണം എന്നതാണ്. മാസ്‌ക് ശരിയായവിധം ധരിക്കണം. സാമൂഹിക അകലം പാലിക്കണം. സാമൂഹിക കൂടിച്ചേരലുകൾ ഒഴിവാക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തന്നെ മുന്നോട്ട് പോകണം. ഇപ്പോഴത്തെ സാഹചര്യത്തിൽ സംസ്ഥാനത്തിൽ 90 ശതമാനത്തിലധികം പേർ ആദ്യഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. ഒരു കോടിയിലധികം ആളുകൾ സമ്പൂർണ വാക്സിനേഷനുമായി.

കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ടാണ് മെഡിക്കൽ കോളേജിൽ രണ്ട് ഐ.സി.യു.കൾ സജ്ജമാക്കിയത്. അത്യാധുനിക 100 ഐ.സി.യു. കിടക്കകളാണ് സജ്ജമാക്കിയത്. 5.5 കോടി രൂപ ചെലവഴിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ 7, 8 വാർഡുകൾ നവീകരിച്ചാണ് അത്യാധുനിക ഐ.സി.യു. സംവിധാനം സജ്ജമാക്കിയത്. ഈ ഐ.സി.യു.കൾക്കായി ആദ്യഘട്ടത്തിൽ 17 വെന്റിലേറ്ററുകളാണ് സ്ഥാപിച്ചത്. ബാക്കിയുള്ള വെന്റിലേറ്ററുകൾ ഉടൻ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

Leave A Reply

Your email address will not be published.