Listen live radio

5.17 കോടിയുടെ 12 ആയുഷ് പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും

after post image
0

- Advertisement -

 

 

തിരുവനന്തപുരം: സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള ആയുഷ് സ്ഥാപനങ്ങളിലെ 5.17 കോടി രൂപയുടെ 12 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബർ 25-ാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് ഓൺലൈൻ വഴി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. അതത് ജില്ലകളിലെ മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ എന്നിവർ പങ്കെടുക്കും.

മഗളിർ ജ്യോതി

സ്ത്രീകളുടെ അനീമിയയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും തിരിച്ചറിയാനും അവ ചികിത്സിക്കുന്നതിനും ഉദ്ദേശിച്ച് ആയുഷ് വകുപ്പ് ആവിഷ്‌ക്കരിച്ച പദ്ധതിയാണ് മഗളിർ ജ്യോതി. തിരുവനന്തപുരം വള്ളക്കടവ്, കൊല്ലം തേവലക്കര, ആലപ്പുഴ മണ്ണൻചേരി, ഇടുക്കി പള്ളിവാസൽ, പാലക്കാട് മങ്കര, മലപ്പുറം ഏലംകുളം എന്നീ 6 സിദ്ധ ക്ലിനിക്കുകൾ വഴിയാണ് പദ്ധതി നടത്തപ്പെടുന്നത്. 36 ലക്ഷം രൂപയുടെ പദ്ധതിയാണിത്.

ഇൻഫെർട്ടിലിറ്റി ക്ലീനിക്

പത്തനംതിട്ട സർക്കാർ ആയുർവേദ ഡിസ്പെൻസറിയിൽ വന്ധ്യതയ്ക്കുള്ള ആയുർവേദ ചികിത്സാപദ്ധതിയായ ഇൻഫെർട്ടിലിറ്റി ക്ലിനിക് ആരംഭിക്കുകയാണ്. വന്ധ്യതാ കാരണങ്ങളായ രോഗങ്ങൾക്ക് ആയുർവേദ ചികിത്സ വളരെ ഫലപ്രദമാണെന്ന് അനുഭവങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. 8.5 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്.

6 സ്ഥാപനങ്ങൾ കേരള അക്രഡിറ്റേഷൻ നേടിയതിന്റെ പ്രഖ്യാപനം

കേരള അക്രഡിറ്റേഷൻ സ്റ്റാന്റേർഡ് നിലവാരത്തിലേക്ക് ഉയർത്തിയ ആയുഷ് മേഖലയിലെ 6 സ്ഥാപനങ്ങളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. സർക്കാർ ഹോമിയോപ്പതി ഡിസ്പെൻസറികളായ കാസർഗോഡ് ചിറ്റാരിക്കാൽ, കൊല്ലം കല്ലുവാതുക്കൽ, തിരുവനന്തപുരം വിളവൂർക്കൽ, ആയുർവേദ ഡിസ്പെൻസറികളായ കണ്ണൂർ ചെമ്പിലോട്, വയനാട് മീനങ്ങാടി, കോഴിക്കോട് കുര്യവാട്ടൂർ എന്നിവയാണ് ആദ്യഘട്ട കാഷ് അക്രഡിറ്റേഷൻ നേടിയിട്ടുള്ളത്.

ആയുഷ് സേവനങ്ങൾ ഇനി ഇ-സഞ്ജീവനി വഴിയും

ഇന്ത്യയിൽ ആദ്യമായി ഇ സഞ്ജീവനി ടെലി കൺസൾട്ടേഷൻ പ്ലാറ്റ് ഫോമിലൂടെ ആയുഷ് സേവനങ്ങൾ സംസ്ഥാനത്ത് ലഭ്യമാക്കുകയാണ്. കണ്ണൂർ, ആലപ്പുഴ ജില്ലകളിലാണ് ഈ സേവനത്തിനായി കൺസോളുകൾ സജ്ജീകരിച്ചിട്ടുള്ളത്.

പത്തനംതിട്ടയിൽ ജില്ലാ മെഡിക്കൽ സ്റ്റോർ നിർമ്മാണം

ഹോമിയോ വകുപ്പിന്റെ നേതൃത്വത്തിൽ 35 ലക്ഷം ചെലവഴിച്ച് പത്തനംതിട്ട ജില്ലാ മെഡിക്കൽ സ്റ്റോറിന്റെ നിർമ്മാണോദ്ഘാടനമാണ് നടക്കുന്നത്.

ഗുണമേന്മയുള്ള ഔഷധ സസ്യ തൈകളുടെ ഉത്പാദനവും വിതരണവും

സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ് ബോർഡിന്റെ ആഭിമുഖ്യത്തിൽ 9.75 ലക്ഷം രൂപ വിനിയോഗിച്ച് ഗുണമേന്മയുള്ള ഔഷധ സസ്യങ്ങളുടെ ഉത്പാദനവും വിതരണവും ലക്ഷ്യമിടുന്നു. കാർഷിക സർവ്വകലാശാല, തൃശൂർ, ഔഷധി, തൃശൂർ, ആയുർവ്വേദ ഗവേഷണ കേന്ദ്രം, പൂജപ്പുര എന്നീ സ്ഥാപനങ്ങൾ മുഖേന ഒരു ലക്ഷത്തോളും തൈകൾ ഈ സാമ്പത്തിക വർഷം കർഷകർക്കും പൊതുജനങ്ങൾക്കും നൽകുന്ന പദ്ധതിയാണിത്.

ഔഷധ സസ്യങ്ങൾക്കായി മൂന്ന് മോഡൽ നേഴ്സറികൾ

കർഷകർക്കും പൊതുജനങ്ങൾക്കും മറ്റ് സന്നദ്ധ സംഘടനകൾക്കും ഗുണമേയുള്ള ഔഷധ സസ്യങ്ങൾ സൗജന്യമായോ/ കുറഞ്ഞ നിരക്കിലോ ലഭ്യമാക്കാനാണ് ഈ പദ്ധതി. ഇതുവഴി ഓരോ നേഴ്സറിയിൽ നിന്നും 3 ലക്ഷം തൈകൾ പ്രതിവർഷം നിർമ്മിക്കാനാകും. കണ്ണൂർ പരിയാരത്തെ ഔഷധി സബ്സെന്റർ, ഇടുക്കി മൂന്നാർ കേരള വന ഗവേഷണ കേന്ദ്രം, കോഴിക്കോട് ഒളവണ്ണ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ എന്നിവയാണ് മൂന്ന് മോഡൽ നഴ്സറിയാക്കുന്നത്.

ഔഷധ സസ്യ പ്രദർശ ഉദ്യാനം

കണ്ണൂർ പരിയാരത്തെ ഔഷധി സബ് സെന്ററിൽ ഔഷധ സസ്യ പ്രദർശ ഉദ്യാനം സ്ഥാപിക്കുന്നു. ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണത്തിനായി പശ്ചിമഘട്ടത്തിലും കേരളത്തിൽ പലയിടങ്ങളിലുമായി കാണപ്പെടുന്ന ആയിരത്തിലധികം ഔഷധസസ്യങ്ങളുടെ ഒരു കലവറ ഒരുക്കുക എന്നതാണ് ഔഷധ സസ്യ പ്രദർശന ഉദ്യാനം എന്ന പദ്ധതി.

ഔഷധ സസ്യങ്ങൾക്കായി രണ്ട് വിത്ത് കേന്ദ്രങ്ങൾ

സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ് ബോർഡിന്റെ നേതൃത്വത്തിൽ തൃശൂർ കേരള കാർഷിക സർവ്വകലാശാല ഫോറസ്ട്രി കോളേജ്, തിരുവനന്തപുരം കേരള സർവ്വകലാശാല ബോട്ടണി വിഭാഗം എന്നീ സർക്കാർ സ്ഥാപനങ്ങളിൽ ഔഷധ സസ്യങ്ങൾക്കായി വിത്ത് സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കുന്നു.

ആയുർവ്വേദ ഗവേഷണ കേന്ദ്രത്തിനായി ഔഷധ സസ്യ നഴ്സറി

കണ്ണൂരിൽ സ്ഥാപിക്കുന്ന അന്താരാഷ്ട്ര ആയുർവ്വേദ ഗവേഷണ കേന്ദ്രത്തിനായി കണ്ടെത്തിയ സ്ഥലത്ത് ഔഷധ സസ്യങ്ങൾ നടുന്നതിനുള്ള നഴ്സറി സ്ഥാപിക്കുന്നു

ഇൻസ്റ്റിറ്റിയൂഷണൽ ഹെൽബൽ ഗാർഡൻ

ഔഷധ സസ്യങ്ങളുടെ സുസ്ഥിര ലഭ്യത ഉറപ്പ് വരുത്തുന്നതിനായി ഔഷധിയുടെ പരിയാരം ഉപകേന്ദ്രത്തിനോട് അനുബന്ധിച്ചുള്ള സ്ഥലത്ത് വച്ച് പിടിപ്പിക്കുവാൻ ലക്ഷ്യമിടുന്നതാണ് ഇൻസ്റ്റിറ്റിയൂഷണൽ ഹെൽബൽ ഗാർഡൻ.

കരുനാഗപ്പള്ളി ആയൂർവേദ ആശുപത്രിയിൽ പുതിയ ബ്ലോക്ക്

കൊല്ലം കരുനാഗപ്പള്ളി ആയൂർവേദ ആശുപത്രിയിൽ 2.12 കോടി ചെലവഴിച്ച് നിർമ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്. നേഴ്സിംഗ് റൂം, പഞ്ചകർമ്മ തീയേറ്റർ, എക്സ്റേ റൂം, ലാബും കിടത്തി ചികിത്സയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടത്തിന്റെ പ്രവർത്തിയും പൂർത്തീകരിച്ചിട്ടുണ്ട്.

 

Leave A Reply

Your email address will not be published.