Listen live radio

എഴുപേർക്ക് പുതുജീവിതം നൽകി നേവിസ് യാത്രയായി: ഹൃദയം എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക്; വഴിയൊരുക്കണമെന്ന് വീണാ ജോർജ്ജ്

after post image
0

- Advertisement -

 

 

കോട്ടയം: ഏഴുപേർക്ക് പുതുജീവിതം നൽകി നേവിസ് യാത്രയായി. ഏദൻസിലെ സാജൻ മാത്യുവിന്റെ മകൻ നേവിസ് (25) ന്റെ മരണശേഷം എട്ട് അവയവങ്ങൾ ബന്ധുക്കൾ ദാനം ചെയ്തു. എറണാകുളം രാജഗിരി ആശുപത്രിയിൽ വച്ച് നേവിസിന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.

ഹൃദയം, കരൾ, കൈകൾ, രണ്ട് വൃക്കകൾ, രണ്ട് കണ്ണുകൾ എന്നിവയാണ് ബന്ധുക്കൾ ദാനം ചെയ്തത്. കേരള സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എൻ.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. അവയവദാനത്തിന്റെ പ്രത്യേകതകൾ ചൂണ്ടിക്കാണിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്ജ് നേവിസിന്റെ കുടുംബത്തെ പ്രകീർത്തിച്ചു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതുമൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച നേവിസിന് ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് നേവിസിന്റെ അച്ഛനും അമ്മയും സ്വമേധയാ അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു. അതേസമയം, നേവിസിന്റെ ഹൃദയം കോഴിക്കോട് മെട്രോ ഇന്റർനാഷണൽ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കാണ് നൽകുന്നത്. എറണാകുളത്ത് നിന്നും ഹൃദയവും വഹിച്ച് കൊണ്ടുള്ള വാഹനം കോഴിക്കോടേക്ക് പുറപ്പെട്ടു. എത്രയും വേഗം ഹൃദയം കോഴിക്കോട് എത്തിച്ച് ചികിത്സയിലുള്ള രോഗിയിൽ വച്ച് പിടിപ്പിക്കണം. അതിന് വേണ്ടി എല്ലാവരും സഹായിക്കണമെന്ന് ആരോഗ്യമന്ത്രി അഭ്യർത്ഥിച്ചു. ഹൃദയം കൊണ്ടുപോകാൻ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പോലീസ് ഉദ്യോഗസ്ഥർ പ്രത്യേകം ഗതാഗത ക്രമീകരണമൊരുക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.