Listen live radio

മാലിന്യ നിർമാർജ്ജനത്തിനായി ക്ലീൻ ഇന്ത്യാ പരിപാടി ഒക്ടോബർ ഒന്ന് മുതൽ

after post image
0

- Advertisement -

 

കൽപ്പറ്റ: പൊതുസ്ഥലങ്ങൾ മാലിന്യ മുക്തമാക്കുന്നതിനും പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ യുവജന-പൊതു പങ്കാളിത്തത്തോടെ ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമായി കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം ‘ആസാദി കാ അമൃത് മഹോത്സവ്’ പരിപാടിയുടെ ഭാഗമായി ആവിഷ്‌ക്കരിച്ച ക്ലീൻ ഇന്ത്യ പരിപാടിയ്ക്ക് നാളെ ( 2021 ഒക്ടോബര് 1 ന്) തുടക്കം കുറിക്കും. ഒക്ടോബർ 31 വരെ ഒരു മാസം നീണ്ടു നിൽക്കുന്ന ക്ലീൻ ഇന്ത്യ പരിപാടി നെഹ്റു യുവ കേന്ദ്ര, നാഷണൽ സർവീസ് സ്‌കീം, എൻ.സി.സി, സ്‌കൗട്ട്സ് & ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, യൂത്ത് ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, ശുചിത്വ മിഷൻ, ഹരിത കർമ്മസേന, സർവീസ് സംഘടനകൾ തുടങ്ങിയവയുടെ കൂട്ടായ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം, വിവിധ ഗവണ്മെന്റ് ഏജൻസികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുക. ‘ശുചിത്വ ഭാരത’ പരിപാടിയുടെ ഭാഗമായി വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ചരിത്ര സ്മാരകങ്ങൾ, സ്‌കൂളുകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, പൊതു റോഡുകൾ, ബസ് സ്റ്റാൻഡ്, തുടങ്ങിയ കേന്ദ്രങ്ങളിൽ നാഷണൽ യൂത്ത് വോളന്റിയർമാരുടെ നേതൃത്വത്തിൽ ശുചീകരിക്കും. പൊതു ജലാശയങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ജലസംരക്ഷണത്തെക്കുറിച്ചു ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയുമാണ് മറ്റൊരു പരിപാടി.

ക്ലീൻ ഇന്ത്യാ പരിപാടിക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും പരിപാടികൾ ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ജില്ലാതല സമിതികളും രൂപീകരിച്ചിട്ടുണ്ട്. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ക്ലീൻ ഇന്ത്യ പരിപാടിയുടെ നോഡൽ ഓഫീസറും നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ മെമ്പർ സെക്രട്ടറിയുമാണ്. ശുചിത്വ ഭാരത പരിപാടിയിൽ പങ്കാളികളാകുന്നവർക്ക് കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും. ജില്ലാതലത്തിൽ മികച്ച പ്രവർത്തനം നടത്തുന്ന വാളണ്ടിയർക്കും യൂത്ത് ക്ലബ്ബിനും ഇതര സംഘടനകൾക്കും പ്രത്യേക പുരസ്‌കാരങ്ങളും നൽകുമെന്ന് യു എൻ വി ജില്ലാ യൂത്ത് ഓഫീസർ ഡോ. ആർ എസ് ഹരി അറിയിച്ചു. ജലശക്തി കേന്ദ്രത്തിന്റെ ഉദ്ഘാടനം കലക്ടർ എ ഗീത ഐ എ എസ് നിർവഹിക്കും. ഒക്ടോബർ രണ്ടിന് പൂക്കോട് വെച്ച് ക്ലീൻ ഇന്ത്യ പരിപാടി സബ് കലക്ടർ ആർ ശ്രീലക്ഷ്മി ഐ എ എസ് ഉദ്ഘാടനം ചെയ്യും.

 

Leave A Reply

Your email address will not be published.