Listen live radio

കുഞ്ഞുങ്ങൾക്കുള്ള ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിനേഷൻ ആരംഭിച്ചു; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു

after post image
0

- Advertisement -

 

 

തിരുവനന്തപുരം: യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി പുതുതായി ഉൾപ്പെടുത്തിയ ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിനേഷന്റെ (പിസിവി) സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു.

ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിന് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിൽ വളരെ പ്രാധാന്യമുണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സ്ട്രെപ്റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോകോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കൽ രോഗം എന്ന് വിളിക്കുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിൻജൈറ്റിസ് എന്നിവയിൽ നിന്നും കുഞ്ഞുങ്ങൾക്ക് ഈ വാക്സിൻ സംരക്ഷണം നൽകുന്നതിൽ ഫലപ്രദമാണ്. ചെറിയ കുഞ്ഞുങ്ങളിൽ ഈ രോഗം മൂലമുണ്ടാകുന്ന രോഗതീവ്രത കൂടുതലാണ്. കുഞ്ഞുങ്ങളുടെ മരണത്തിന് പോലും ഇത് കാരണമാകും. കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് ഈ വാക്സിൻ നൽകേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാൻ പ്രയാസം, പനി, ശ്വാസംമുട്ടൽ, നെഞ്ചുവേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. ഒപ്പം ഹൃദയാഘാതം, അബോധാവസ്ഥ തുടങ്ങി സങ്കീർണമായ സാഹചര്യങ്ങളിലേക്ക് പോകാതിരിക്കുന്നതിന് ഈയൊരു വാക്സിൻ വലിയ രീതിയിലൊരു പ്രതിരോധമാണ് തീർക്കുന്നത്. അതിനാലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ഈ വാക്സിനെ ഉൾപ്പെടുത്തിയത്. ജില്ലകളിൽ അടുത്ത വാക്സിനേഷൻ ദിനം മുതൽ ഈ വാക്സിൻ ലഭ്യമാകുന്നതാണ്.

ഒന്നരമാസത്തെ ആദ്യ ഡോസിന് ശേഷം മൂന്നര മാസം, 9 മാസം എന്നിങ്ങനെയാണ് വാക്സിൻ നൽകേണ്ടത്. മറ്റ് വാക്സിൻ എടുക്കുന്നതിനൊപ്പം തന്നെയാണ് ഈ വാക്സിനും നൽകുന്നത്. ഒരു വയസുവരെ ഈ വാക്സിൻ എടുക്കുന്നതിനുള്ള സമയപരിധിയുമുണ്ട്. 44,000 ഡോസ് വാക്സിൻ ഒരു മാസത്തേക്ക് ആവശ്യമാണെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസത്തേക്കാവശ്യമായ 55,000 ഡോസ് വാക്സിൻ ലഭ്യമായിട്ടുണ്ട്. തുടർന്നുള്ള മാസങ്ങളിലേക്കുള്ള വാക്സിൻ ലഭ്യത ഉറപ്പ് വരുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. എത്രയും വേഗം ഈ വാക്സിനേഷൻ സാധ്യമാക്കിയ ആരോഗ്യ വകുപ്പിലെ സഹപ്രവർത്തകരോട് പ്രത്യേകമായ അഭിനന്ദനം അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു, അഡീഷണൽ ഡയറക്ടർ ഡോ. പ്രീത, ഡെപ്യൂട്ടി ഡയറക്ടർ ഡോ. സന്ദീപ്, ഡി.എം.ഒ. ഡോ. കെ.എസ്. ഷിനു, ഡി.പി.എം. ഡോ. സുകേഷ്, ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതി ജയിംസ്, ആർ.സി.എച്ച്. ഓഫീസർ ഡോ. ദിവ്യ എന്നിവർ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.