Listen live radio

ഇലക്ട്രിക് ഓട്ടോറിക്ഷയിലേക്ക് മാറുന്നതിലൂടെ പ്രതിമാസം പതിനായിരം രൂപയിലധികം ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ഇന്ധനചെലവിൽ ലാഭിക്കാമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി

after post image
0

- Advertisement -

ഇലക്ട്രിക് ഓട്ടോറിക്ഷയിലേക്ക് മാറുന്നതിലൂടെ പ്രതിമാസം പതിനായിരം രൂപയിലധികം ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ഇന്ധനചെലവിൽ ലാഭിക്കാമെന്ന് ബഹു.വൈദ്യുതി വകുപ്പ് മന്ത്രി.ശ്രീ.കെ കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. കോഴിക്കോട് നഗരത്തിലെ തിരഞ്ഞെടുത്ത പത്ത് കേന്ദ്രങ്ങളിലായി കെ.എസ്.ഇ.ബി. യുടെ ഇലക്ട്രിക് പോസ്റ്റുകളിൽ ഘടിപ്പിക്കുന്ന തരത്തിലുള്ള ”പോൾ മൌണ്ടട് ചാർജ്ജിംഗ് സ്റ്റേഷനുകൾ” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളിൽ പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിച്ചാൽ, ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിനും വീട്ടിലെ വൈദ്യുതി ഉപയോഗത്തിനും മാത്രമല്ല പാചകത്തിനും വൈദ്യുതി ഉപയോഗിച്ച്, പ്രതിമാസ കുടുംബചെലവുകൾ കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്കുമായി ചർച്ചചെയ്ത് ഓട്ടോറിക്ഷാ തൊഴിലാളികൾക്കായി കുറഞ്ഞ പലിശ നിരക്കിൽ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നതിനായി വായ്പ ലഭ്യമാക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ചാർജ്ജിംഗ് സ്റ്റേഷനിൽ ആദ്യ വാഹനം ചാർജ്ജു ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ച പൊതുമരാമത്ത്, ടൂറിസം വകപ്പ് മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.

കേരളത്തിലെ നിലവിലെ സ്ഥിതിയിൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ ഏറ്റവും കൂടുതൽ ഉള്ളത് കോഴിക്കോട് ജില്ലയിലാണ്. കോഴിക്കോട് സിറ്റിയിൽ മാത്രം അറുന്നൂറോളം ഇലക്ട്രിക് ഓട്ടോറിക്ഷകൾ ഓടുന്നുണ്ട്. ഇവ എല്ലാം തന്നെ വീടുകളിൽ രാത്രി ചാർജ്ജ് ചെയ്യുകയും 120-130 കി.മീ. ഓടിയതിനുശേഷം ബാറ്ററി ചാർജ്ജ് തീരുകയും ചെയ്യുന്നു. തുടർന്ന് ഓടുന്നതിനായി ചാർജ്ജിംഗ് സ്റ്റേഷനുകൾ ലഭ്യമല്ലാത്തതിനാൽ ഓട്ടോറിക്ഷ തൊഴിലാളികൾ വളരെയേറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.

ഇതിനൊരു പരിഹാരമായി ഓട്ടോറിക്ഷകൾക്കും ഇരു ചക്ര വാഹനങ്ങൾക്കും ചാർജ്ജ് ചെയ്യാൻ ഉതകുന്ന തരത്തിൽ കോഴിക്കോട് സിറ്റിയിൽ തിരഞ്ഞെടുത്ത പത്ത് ലൊക്കേഷനുകളിലായി കെ.എസ്.ഇ.ബി. യുടെ ഇലക്ട്രിക് പോസ്റ്റുകളിൽ ഘടിപ്പിക്കുന്ന തരത്തിലുള്ള ”പോൾ മൌണ്ടട് ചാർജ്ജിംഗ് സ്റ്റേഷനുകൾ” സ്ഥാപിച്ചു കഴിഞ്ഞു. ഈ സ്റ്റേഷനുകൾ ഉപയോഗപ്പെടുത്തി കോഴിക്കോട് ടൌണിൽ ഓടുന്ന എല്ലാ ഇലക്ട്രിക് ഓട്ടോറിക്ഷകൾക്കും മൊബൈൽ ഫോൺ വഴി പണമടച്ച് ചാർജ്ജ് ചെയ്യാൻ കഴിയും. എറ്റവും കുറഞ്ഞ പ്രീ-പെയ്ഡ് വാലറ്റ് നിരക്ക് 100 രൂപയാണ്. ഒരു തവണ ഫുൾ ചാർജ്ജ് ചെയ്യുമ്പോൾ 70 രൂപ മൊബൈൽ ഫോൺ വഴി അടയ്ക്കാം. തുടർന്ന് 120-130 കി.മീ. ഓടുവാൻ കഴിയും.

കേരള സർക്കാരിന്റെ നിർദ്ദേശപ്രകാരം ഗവൺമെന്റ് മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് സാധാരണ ജനങ്ങൾക്ക് വളരെയേറെ ഉപകാരപ്രദമായ ഈ പദ്ധതി നടപ്പാക്കുന്നത്. ഓരോ ഓട്ടോറിക്ഷയും ചാർജ്ജ് ചെയ്യാൻ എടുക്കുന്ന സമയം, ഉപയോഗിച്ച വൈദ്യുതി, അടച്ച തുക ഇവയെല്ലാം തന്നെ കെ. എസ്. ഇ. ബി. എൽ. നും അതുപോലെ തന്നെ ഓട്ടോറിക്ഷ ഡ്രൈവർക്കും തൽസമയം അറിയുവാൻ കഴിയും. നിലവിലുള്ള പോസ്റ്റുകളിൽ തന്നെ ഇവ ഉറപ്പിക്കുന്നതിനാൽ അധിക ചിലവ് വരുന്നില്ല. CCTV അടക്കമുള്ള മതിയായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ഈ ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇപ്രകാരം സിറ്റിയിൽ ഓടുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് കൂടുതൽ സമയം ഓടുവാനും തൊഴിലാളികളുടെ വരുമാനം വർദ്ധിപ്പിക്കാനും സാധിക്കും.

കോഴിക്കോട് ആസ്ഥാനമായ സ്റ്റാർട്ടപ്പ് കമ്പനിയായ Charge MOD ആണ് ഇതിനായി ചാർജ്ജിംഗ് ഉപകരണങ്ങളും സോഫ്റ്റ് വെയറും മറ്റും വികസിപ്പിച്ചത്. സംസ്ഥാന ഗവൺമെന്റിന്റെ ഈ-മൊബിലിറ്റി പ്രമോഷൻ ഫണ്ടിൽ നിന്നും 2.52 ലക്ഷം രൂപ ചിലവഴിച്ചാണ് പ്രസ്തുത ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചത്. രണ്ടാം ഘട്ടത്തിൽ കേരളത്തിൽ എല്ലാ ജില്ലകളിലുമായി 1000 പോൾ മൗണ്ടഡ് ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി ടെൻഡർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

ഒരു പെട്രോൾ ഓട്ടോറിക്ഷ 120 കി. മീ. ഓടുവാൻ 14 ലിറ്റർ പെട്രോൾ വേണ്ടി വരും. എന്നാൽ ഇത്രയും ദൂരം ഓടാൻ ഒരു ഇലക്ടിക് ഓട്ടോയ്ക്ക് ശരാശരി ഏഴ് യൂണിറ്റ് വൈദ്യതി മതിയാകും. ഈ സംവിധാനം കെ.എസ്.ഇ.ബി.എൽ.ന് കേന്ദ്രീകൃതമായി പണം വരുന്നതും എത്ര വൈദ്യുതി ഉപയോഗിച്ചുവെന്നും, ഏത് വണ്ടിയാണ് ചാർജ്ജ് ചെയ്തതെന്നും അടക്കം സോഫ്റ്റ് വെയർ വഴി അറിയുവാൻ കഴിയും. പെട്രോൾ ഓട്ടോ ഓടിക്കുന്ന ഒരാൾ ശരാശരി ഒരു മാസം 3600 കി. മീ. ഓടുവാൻ വരുന്ന ചിലവ് 13,500/- രൂപയോളം ചെലവ് വരും. ഇലക്ടിക് ഓട്ടോറിക്ഷ ഒരു മാസം ഇതേ ദൂരം ഓടാൻ എകദേശം 2,220/- രൂപയോ ആകൂ. അതായത് ശരാശരി ഒരു മാസം 11,000/- രൂപയോളം ഒരു ഓട്ടോറിക്ഷയ്ക്ക് ലാഭിക്കാം.

കോഴിക്കോട് നോർത്ത് എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, കെ.എസ്.ഇ.ബി.എൽ. ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഡോ.ബി.അശോക് IAS സ്വാഗതവും, കെ.എസ്.ഇ.ബി.എൽ. ഡയറക്ടർ (ആർഇഇഎസ്, സൗര, സ്‌പോർട്‌സ് & വെൽഫെയർ) ആർ സുകു റിപ്പോർട്ടും അവതരിപ്പിച്ചു. കെ എസ് ഇ ബി എൽ കോഴിക്കോട് ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി ചന്ദ്രബാബു കൃതജ്ഞത രേഖപ്പെടുത്തി. ചടങ്ങിൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ, കെ എസ് ഇ ബി എൽ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.